KeralaLatest

മയക്കുമരുന്ന് വ്യാപകം; പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

“Manju”

ഫ്രീടൗണ്‍: ‘ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കുഷ്എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ പ്രചാരമുള്ള സിന്തറ്റിക് മയക്കുമരുന്നായ കുഷിനെ ചെറുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മയക്കുമരുന്ന് ദുരുപയോഗത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നത് പ്രസിഡൻ്റ് എന്ന നിലയില്‍ എന്റെ കടമയാണ്. മയക്കുമരുന്നുകളുടെയും പ്രത്യേകിച്ച്‌ വിനാശകരമായ സിന്തറ്റിക് മയക്കുമരുന്ന് കുഷിന്റെ, മയക്കുമരുന്ന് ആസക്തിയുടെയും വിനാശകരമായ ആഘാതം കാരണം നമ്മുടെ രാജ്യം നിലവില്‍ അസ്തിത്വ ഭീഷണി നേരിടുന്നു, , “ജൂലിയസ് മാഡ ബയോ പറഞ്ഞു.സോംബി മയക്കുമരുന്നായ കുഷിനെ മരണക്കെണിയെന്നാണ് സിയറ ലിയോണ്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

മയക്കുമരുന്നിന്റെ പല ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥികളാണെന്നും ലഹരിക്ക് അടിമകളായവർ കുഴിമാടങ്ങളില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്ത് കുഷ് ഉണ്ടാക്കുന്നതിനാല്‍ സെമിത്തേരികള്‍ക്ക് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിക്കാനും അദ്ദേഹം നിർദ്ദേശം നല്‍കിയിട്ടുണ്ട്.
നിർമ്മാണവും ഉപയോഗവും തടയുന്നതിനായി ഫ്രീടൗണിലെ കിസ്സി റോഡ് സെമിത്തേരിയില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ചില രാസ വിഷപദാര്‍ഥങ്ങള്‍ക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേര്‍ത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിര്‍മിക്കുന്നത്. കുഷിന് അടിപ്പെട്ടവരാണ് ലഹരിമരുന്ന് നിര്‍മിക്കാനായി കുഴിമാടങ്ങള്‍ മാന്തുന്നത്. ഇത്തരത്തില്‍ അസ്ഥികള്‍ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങള്‍ തകര്‍ക്കപ്പെട്ടതായാണ് വിവരം.

കുഷിന്റെ ഉപയോഗം കാരണം മരണങ്ങള്‍ വര്‍ധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പിന്തുണയും നല്‍കാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണില്‍ പലരും ഉപയോഗിച്ച്‌ തുടങ്ങിയത് കേവലം ആറുവര്‍ഷം മുന്‍പാണ്. പിന്നീട് കുഷിന് യുവാക്കള്‍ക്കിടയില്‍ വന്‍പ്രചാരം ലഭിച്ചു. ഇതോടെ ഉപയോഗം വ്യാപകമായി. അടിമകളായ യുവാക്കള്‍ സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകളും രാജ്യത്ത് പതിവായി. കുഷ് ദുരുപയോഗം മൂലം വീർത്ത കൈകാലുകളുമായി തെരുവിന്റെ മൂലകളില്‍ ഇരിക്കുന്ന യുവാക്കളുടെ സംഘങ്ങളെ കാണുന്നത് സിയറ ലിയോണില്‍ ഇപ്പോള്‍ ഒരു സാധാരണ കാഴ്ചയാണ്.

മയക്കുമരുന്ന് കടത്ത് ശൃംഖല ഇല്ലാതാക്കാൻ തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ബയോ പറഞ്ഞു. തലസ്ഥാനമായ ഫ്രീടൗണില്‍ നിന്ന് കുഷ് നിറച്ച രണ്ട് കണ്ടെയ്‌നറുകള്‍ പോലീസ് പിടിച്ചെടുത്തു,ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

അതെ സമയം കുഷ് ദുരുപയോഗം മൂലമുള്ള മരണങ്ങളും രാജ്യത്തുടനീളം ഉയരുകയാണ് . ഔദ്യോഗിക മരണസംഖ്യ ലഭ്യമല്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനമായ ഫ്രീടൗണില്‍ നൂറുകണക്കിന് യുവാക്കള്‍ കുഷ് മൂലമുണ്ടായ അവയവങ്ങള്‍ തകരാറിലായി മരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

മാനസികാരോഗ്യത്തെ ബാധിക്കുന്ന കുഷിന്റെ അമിത ഉപയോഗം മൂലം രാജ്യത്തെ ഏക മാനസികാരോഗ്യ സ്ഥാപനമായ സിയറ ലിയോണ്‍ സൈക്യാട്രിക് ഹോസ്പിറ്റലില്‍ 2020 നും 2023 നും ഇടയില്‍, കുഷുമായി ബന്ധപ്പെട്ട അഡ്മിഷൻ ഏകദേശം 4,000% വർദ്ധിച്ച്‌ 1,865 ല്‍ എത്തി.

സിയറ ലിയോണിലെ പൗരന്മാർ കുഷ് വിപത്തിനെതിരെ പോരാടാൻ ഒന്നിക്കുകയാണെന്ന് ആഫ്രിക്കൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു ജനസംഖ്യയുടെ നാലിലൊന്ന് പേരും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ് സിയറ ലിയോണിലെ തൊഴില്‍രഹിതരായ യുവാക്കള്‍. കുഷിന്റെ കുറഞ്ഞ വില കാരണമാണ് ഇത് അവർക്ക് പ്രാപ്യമാകുന്നത് . അയല്‍രാജ്യമായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലും ഈ മരുന്ന് കണ്ടെത്തിയിട്ടുണ്ട് .

 

Related Articles

Back to top button