KeralaLatestMalappuram

വിള ഇന്‍ഷ്വറന്‍സ്; അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം

“Manju”

കല്‍പറ്റ:  കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിള ഇന്‍ഷൂറന്‍സ് വാരാചരണത്തിനും പ്രചാരണ പരിപാടികള്‍ക്കും ജില്ലയില്‍ തുടക്കമായി. കലക്‌ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംശാദ് മരക്കാര്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പ്രചരണോദ്ഘാടനവും പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മവും നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍കാറുകള്‍, അഗ്രികള്‍ചര്‍ ഇന്‍ഷൂറന്‍സ് കമ്ബനി ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഖാരിഫ് 2021, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി എന്നിവ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം . രാജ്യത്തെ തിരഞ്ഞെടുത്ത 75 ബ്ലോകുകളിലാണ് കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പ്രചാരണം നടത്തുന്നത്. ജില്ലയില്‍ പനമരം ബ്ലോകിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ ഏഴ് വരെ നടക്കുന്ന പരിപാടികളില്‍ ബ്ലോകിലെ കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്‌ട്രേഷനും സംഘടിപ്പിക്കും.

കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് സ്‌കീം: വയനാട് ജില്ലയില്‍ വാഴ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം, കവുങ്ങ്, ജാതി, കൊകോ, പച്ചക്കറി വിളകള്‍ (പടവലം, പാവല്‍, പയര്‍, കുമ്ബളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്) എന്നിവയ്ക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. വെളളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, ശക്തമായ കാറ്റ് എന്നിവ മൂലമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ. ഖാരിഫ് ഭക്ഷ്യ ധാന്യങ്ങള്‍ക്കും എണ്ണക്കുരുവിളകള്‍ക്കും ഇന്‍ഷൂര്‍ ചെയ്ത തുകയുടെ രണ്ട്ശതമാനമാണ് പ്രീമിയം. വാര്‍ഷിക വാണിജ്യ ഉദ്യാന വിളകള്‍ക്ക് ഇത് അഞ്ച് ശതമാനമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് നഷ്ടപരിഹാരം നിര്‍ണയിക്കുക. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കര്‍ഷകര്‍ പരാതികള്‍ അറിയിക്കണം.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഖാരിഫ് 2021: വെളളപ്പൊക്കം, ആലിപ്പഴ മഴ, ഉരുള്‍പ്പൊട്ടല്‍, ഇടിമിന്നല്‍ മൂലമുളള തീപ്പിടുത്തം, മേഘവിസ്‌ഫോടനം തുടങ്ങിയവ മൂലമുളള വ്യക്തിഗത വിളനഷ്ടങ്ങള്‍, നടീല്‍/വിത തടസപ്പെടല്‍, ഇടക്കാല നഷ്ടങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഖാരിഫ് 2021 ലൂടെ പരിരക്ഷ ലഭിക്കും. ജില്ലയില്‍ വാഴ, മരച്ചീനി എന്നിവയാണ് ഈ പദ്ധതിയിലൂടെ ഇന്‍ഷൂര്‍ ചെയ്യാന്‍ സാധിക്കുക. വാഴയ്ക്ക് 3.7 ശതമാനവും മരച്ചീനിയ്ക്ക് മൂന്ന് ശതമാനവുമാണ് ഇന്‍ഷൂറന്‍സ് പ്രീമിയം. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കര്‍ഷകര്‍ പരാതികള്‍ അറിയിക്കണം.

പദ്ധതിയില്‍ ചേരേണ്ട വിധം:  പദ്ധതികളുടെ ഗുണഭോക്താകളാവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ജൂലൈ 31 നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം കൃഷിസ്ഥലത്തിന്റെ നികുതി രസീത് / പാട്ടച്ചീട്ട്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക് എന്നിവയുടെ പകര്‍പ്പും സമര്‍പിക്കണം. വിളകള്‍ക്ക് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴിയും അല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍, ഏജന്റുമാര്‍ മുഖേനയും നേരിട്ട് ഓണ്‍ലൈനായും പദ്ധതിയില്‍ ചേരാം. ഓരോ വിളകള്‍ക്കുളള പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്‌സിഡിയായി കേന്ദ്ര സംസ്ഥാന സര്‍കാറുകള്‍ നല്‍കും.

ചടങ്ങില്‍ എഡിഎം എന്‍ ഐ ഷാജു അധ്യക്ഷത വഹിച്ചു.പ്രിന്‍സിപല്‍ കൃഷി ഓഫീസര്‍ എ എസ് ജസിമോള്‍, ആത്മ പ്രോജക്‌ട് ഡയറക്ടര്‍ വി കെ സജിമോള്‍, കൃഷി ഡെപ്യൂടി ഡയറക്ടര്‍ ജമീല കുന്നത്ത്, ആത്മ ഡെപ്യൂടി പ്രോജക്‌ട് ഡയറകടര്‍ എലിസബത്ത് തമ്ബാന്‍, അസിസ്റ്റന്റ് പ്രിന്‍സിപല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ്, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം എസ് അജില്‍, നാഷണല്‍ അഗ്രികള്‍ചര്‍ ഇന്‍ഷൂറന്‍സ് കമ്ബനി മാനേജര്‍ അരുണ്‍ ജോസ് പങ്കെടുത്തു.

Related Articles

Back to top button