InternationalLatest

ശ്രീലങ്കയിലെ പ്രക്ഷോഭം: ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യത

“Manju”

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുളള ജനകീയ പ്രതിഷേധത്തില്‍ കലാപകലുഷിതമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതോടെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി. വരും ദിവസങ്ങളില്‍ ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും ധാരാളം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനെ തുടര്‍ന്ന് രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ലങ്കയിലെ സ്ഥിതിഗതികളില്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഇന്ധനവും ഭക്ഷണവും ഇല്ലാതായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധത്തിലായ ശ്രീലങ്കന്‍ ജനത ശനിയാഴ്ചയാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കയ്യേറിയത്. പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ ഔദ്യോഗിക മന്ദിരത്തിലേക്ക് പാഞ്ഞെത്തിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകാരികള്‍ തീയിടുകയും ചെയ്തു. സാമ്ബത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധി കൂടി ഉടലെടുത്തതോടെ അടിയന്തരമായി സര്‍വകക്ഷി യോഗം ചേരുകയായിരുന്നു.
പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആദ്യം രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റും രാജി സന്നദ്ധത അറിയിച്ചതായി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയോടെ രാജിയുണ്ടാകുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്. നിലവില്‍ സ്പീക്കറായ അജിത് രജപക്‌സെ ആക്ടിങ് പ്രസിഡന്റാകും. ഒരു മാസത്തിനുളളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഇടക്കാല സര്‍ക്കാരിന് കീഴിലായിരിക്കും തെരഞ്ഞെടുപ്പ്.അതേസമയം ഔദ്യോഗിക വസതികളില്‍ നിന്ന് ഇനിയും പ്രക്ഷോഭകാരികള്‍ പിരിഞ്ഞുപോയിട്ടില്ല. പ്രസിഡന്റ് രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുളളത്.

Related Articles

Back to top button