IndiaLatest

മുംബൈയിലും ഡല്‍ഹിയിലും കനത്ത മഴ

“Manju”

ഹൈദരാബാദ്/മുംബൈ/ ഡല്‍ഹി: തെലങ്കനയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും വെള്ളപ്പെക്കത്തിലും ഏഴ് പേര്‍ മരിച്ചു. വിക്രബാദില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ടാണ് നവവധുവും സഹോദരിയും സഹോദരിയുടെ മകനും മരിച്ചത്.
നവദമ്ബതികളായ പ്രവലികയും നവാസ് റെഡ്ഡിയും കുടുംബാംഗങ്ങളായ മറ്റു നാലു പേരും സഞ്ചരിച്ച കാറാണ് ഒഴുക്കില്‍ പെട്ടത്. വധുവിനൊപ്പം സഹോദരി ശ്വേത, അവരുടെ മകന്‍ ത്രിനാഥ് റെഡ്ഡി (8) എന്നിവര്‍ ഒഴുക്കില്‍ പെട്ടു. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.
വാറങ്കലില്‍ ഞായറാഴ്ച രാത്രി ഒരു സോഫ്ട്‌വേര്‍ എഞ്ചിനീയറുടെ മൃതദേഹം ഓടയില്‍ കണ്ടെത്തി. ശിവനഗര്‍ സ്വദേശി വൊറോം ക്രാന്തി കുമാര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പും സമീപത്തുനിന്ന് കണ്ടെത്തി. ശങ്കര്‍പള്ളിയില്‍ ഒഴുക്കിപെട്ട കാറിനുള്ളില്‍ നിന്ന് 70കാരന്റെ മൃതദേഹം കണ്ടെത്തി. അദിലബാദില്‍ 30കാരനായ തൊഴിലാഴിയും ഒഴുക്കില്‍പെട്ട് മരിച്ചു. യാദരി ഭോങ്കരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച രണ്ട് സഹോദരിമാരും ഒഴുക്കില്‍പെട്ട് മരിച്ചു.
പന്ത്രണ്ട് യാത്രക്കാരുമായി പോയ ബസ് രജന്ന-സിര്‍സില്ലയില്‍ ഒഴുക്കില്‍പെട്ടുവെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. ഹൈദരാബാദ്, അദിലബാദ്, നിസാമബാദ്, കരിംനഗര്‍, വാറങ്കല്‍, ഖമ്മം എന്നിവിടങ്ങളില്‍ മേഘവിസ്‌ഫോടനം അടക്കം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
അതേസമയം, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചുതുടങ്ങി. ഡല്‍ഹിയില്‍ കൊനാട്ട് പ്ലേസ് അടക്കമുളള മേഖലയിലാണ് മഴ ലഭിച്ചത്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
ഡല്‍ഹിയുടെ കിഴക്ക്, വടക്കുകിഴക്ക്, ഉത്തര ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, സൊഹാന, നൂഹ്, ഔറംഗബാദ്, ഹൊദല്‍, മനേസര്‍, ദാദ്രി, മീററ്റ്, മോദിനഗര്‍, ഗര്‍മുക്‌തേശ്വര്‍, ഹപുര്‍, ഗുലോട്ടി, സിയാന, സംബല്‍, സിക്കന്ദരാബാദ്, ബുലന്ദേശ്വര്‍, എന്നിവിടങ്ങളില്‍ വൈകാതെ മഴയെത്തും.

Related Articles

Back to top button