KeralaLatestThrissur

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ല

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉന്നതതല അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ല. ഇപ്പോൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാൾ താഴെയാണ് യഥാർത്ഥത്തിൽ പോസിറ്റിവായ കോവിഡ് രോഗികളുടെ എണ്ണം. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാവുന്ന വർദ്ധനവ് മുൻകൂട്ടി കണക്കാക്കിയിരുന്നു. അഞ്ച് ആഴ്ചകൾ പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 300 കടക്കും എന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ രോഗികളുടെ എണ്ണം അത്രയും എത്തിയില്ല എന്നത് ആശ്വാസജനകമാണ്.

എങ്കിലും കൂടുതൽ പോസിറ്റീവ് കേസുകൾ നിയന്ത്രണങ്ങൾ ശക്തമാക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ പൊതുമാർക്കറ്റുകൾ അണുവിമുക്തമാക്കും. ശക്തൻ മാർക്കറ്റിൽ ആ ദിവസങ്ങളിൽ കടകൾ തുറക്കില്ല. 10 കണ്ടെയ്ൻമെന്‍റ് സോണുകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾ റോഡരികിൽ പാർക്ക് ചെയ്യരുത്. പാർക്കിംഗ് സൗകര്യമുളള യാർഡുകൾ ഒരുക്കേണ്ടത് ചരക്ക് എത്തിക്കുന്നവരുടെ ചുമതലയാണ്. സർക്കാർ ഓഫീസുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സന്ദർശക രജിസ്റ്റർ സൂക്ഷിക്കും. ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ നിർബന്ധമാക്കും. മാസ്‌ക് ഉപയോഗം കർശനമാക്കും. മാസ്‌ക് ധരിക്കാത്തവരേയും ക്വറന്‍റീന്‍  നിർദ്ദേശങ്ങൾ ലംഘിക്കുന്നവരേയും നിരീക്ഷിക്കും. പോലീസും ആർ.ആർ.ടി.കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.

 

Related Articles

Back to top button