IndiaKeralaLatest

ജൂണ്‍ 1 കരിദിനമായി ആചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന

“Manju”

ദില്ലി: യോഗ ഗുരു ബാബാ രാംദേവ് നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡോക്ടര്‍മാരുടെ സംഘടന. ജൂണ്‍ 1 കരിദിനമായി ആചരിക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ (ഫോര്‍ഡ) വ്യക്തമാക്കിയത്. ബാബാ രാംദേവ് നടത്തിയ അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കാനാണ് പ്രതിഷേധ ദിനത്തില്‍ ആഹ്വാനം നല്‍കിയതെന്ന് ഫോര്‍ഡ വ്യക്തമാക്കുന്നു.
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണെങ്കിലും രോഗികളുടെ പരിചരണത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ഫോര്‍ഡ വ്യക്തമാക്കുന്നു. രാംദേവിന്റെ പ്രസ്താവനയെ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും (ഐ‌എം‌എ) ശക്തമായി എതിര്‍ത്തു. കഴിഞ്ഞയാഴ്ച രാംദേവ് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎംഎ ഭാരവാഹികള്‍ രംഗത്ത് എത്തിയത്.
ഒരു അഭിമുഖത്തില്‍ രാംദേവ് അലോപ്പതിയെ “മണ്ടന്‍ ശാസ്ത്രം” എന്ന് വിളിച്ചതിന് ശേഷമാണ് അദ്ദേഹത്തിനെതിരായ വിമര്‍ശനം ശക്തമായത്. ബാബാ രാം ദേവിനെ വിമര്‍ശിച്ച ഐ‌എം‌എ സംഭവത്തില്‍ നിരുപാധികമായ ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടു. വിഷയം ഐ എം എ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button