IndiaKeralaLatestThiruvananthapuram

തുലാവര്‍ഷം ഇക്കുറി ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌

“Manju”

സിന്ധുമോള്‍ ആര്‍​
പത്തനംതിട്ട: കേരളത്തില്‍ ഇത്തവണ തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. ഓഗസ്‌റ്റിലെ അന്തരീക്ഷത്തിന്റെ അവസ്‌ഥ വിലയിരുത്തിയാണ്‌ നിഗമനം. വടക്കന്‍ കേരളത്തിലായിരിക്കും സാധാരണയേക്കാള്‍ കൂടുതല്‍ തുലാവര്‍ഷം ലഭിക്കുക. ഒക്‌ടോബറില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ സാധാരണയേക്കാള്‍ കുറവ്‌ മഴ പ്രവചിക്കുമ്പോള്‍ മധ്യ, വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും വിദഗ്‌ധര്‍ വിലയിരുത്തുന്നു.
നവംബറില്‍ കേരളത്തിലാകമാനം സാധാരണയേക്കാള്‍ കൂടുതല്‍ മഴ പെയ്യും. എന്നാല്‍ ഡിസംബറില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ മഴ കുറവായിരിക്കും. നേരത്തെ അമേരിക്കന്‍ കാലാവസ്‌ഥ ഏജന്‍സി സി.പി.സി, കൊറിയര്‍ കാലാവസ്‌ഥ ഏജന്‍സി എ.പി.സി.സി എന്നിവയുടെ പ്രവചനപ്രകാരം മഴയുടെ അളവ്‌ കേരളത്തില്‍ സാധാരണയോ അതില്‍ കുറയാനോ സാധ്യത ഉണ്ടെന്നാണ്‌ കണക്കാക്കിയത്‌. യൂറോപ്യന്‍ കാലാവസ്‌ഥ ഏജന്‍സിയായ ഇ.സി.എം.ഡബ്‌ളിയു.എഫ്‌, ബ്രിട്ടന്റെ കാലാവസ്‌ഥ ഏജന്‍സിയായ യു.കെ മെറ്റ്‌ ഓഫീസ്‌ എന്നിവ കേരളത്തില്‍ സാധാരണയില്‍ക്കൂടുതല്‍ കാലവര്‍ഷം ഉണ്ടാകുമെന്ന്‌ പ്രവചിക്കുന്നു.
അതേസമയം തുലാവര്‍ഷം സാധാരണയില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ്‌ ജപ്പാന്‍ കാലാവസ്‌ഥ ഏജന്‍സിയായ ജമ്‌സ്‌റ്റക്ക്‌, സ്വകാര്യ രാജ്യാന്തര കാലാവസ്‌ഥാ ഏജന്‍സിയായ അക്കു വെതര്‍ എന്നിവ പ്രവചിച്ചത്‌. ഇത്തരം ദീര്‍ഘകാല മോഡല്‍ പ്രവചങ്ങള്‍ക്കു കൃത്യത കുറവാണെന്നും വിദഗ്‌ധര്‍ പറയുന്നു.

Related Articles

Back to top button