Thiruvananthapuram

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ജോസ് വിഭാഗം; ചര്‍ച്ചയില്‍ തീരുമാനമായില്ല

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എകെജി സെന്ററില്‍ പുരോഗമിക്കുന്നു. കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി ഇന്ന് എകെജി സെന്ററിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും, ഇത് നടക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേരള കോണ്‍ഗ്രസ്(എം) നേതാക്കളായ ജോസ് കെ മാണി, സ്റ്റീഫന്‍ ജോര്‍ജ്ജ്, റോഷി അഗസ്റ്റിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശനിയാഴ്ച പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം) നേതൃയോഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഇടുക്കിയില്‍ നിന്ന് ജയിച്ച റോഷി അഗസ്റ്റിനാണ് മുന്‍തൂക്കം. രണ്ടാമത് ഒരു സീറ്റ് കൂടി ലഭിച്ചാല്‍ ഡോ.എന്‍.ജയരാജിന് അവസരം ലഭിച്ചേക്കും.

രണ്ട് മന്ത്രിസ്ഥാനത്തിന് പകരം ഒരു മന്ത്രി സ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നല്‍കാമെന്ന് സിപിഎം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാര്‍ട്ടി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. മന്ത്രിസ്ഥാനം ലഭിച്ചതിന് ശേഷം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാനാണ് നീക്കം. അതേസമയം ജെഡിഎസ്-എല്‍ജെഡി ലയനം സിപിഎം വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് ദേശീയപാര്‍ട്ടികള്‍ ലയിക്കുന്നതിലെ നിയമപ്രശ്‌നമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ജെഡിയുടെ നിലപാടും തടസ്സമാണെന്നാണ് ജെഡിഎസ് പറയുന്നത്.

 

Related Articles

Back to top button