IndiaLatest

പ്രമോദിന് വീല്‍ ചെയര്‍ നല്‍കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി; പേപ്പര്‍ പേനകള്‍ മുഴുവന്‍ വാങ്ങാമെന്ന് ഉറപ്പും നല്‍കി

“Manju”

പാലക്കാട് : ജന്മനാ പോളിയോ രോഗം ബാധിച്ച്‌ കൈകാലുകള്‍ തളര്‍ന്ന് ജീവിതം വീല്‍ ചെയറിലായ പാലക്കാട് എലപ്പുളി സ്വദേശി പ്രമോദിന് ഇലക്‌ട്രിക് വീല്‍ ചെയര്‍ നല്കി നടന്‍ മോഹന്‍ലാല്‍. പ്രമോദിന് വീല്‍ ചെയര്‍ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രമോദിന് സഹായവുമായി മോഹന്‍ലാലും വിശ്വശാന്തി ഫൗണ്ടേഷനും രംഗത്തെത്തിയത്.
പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച്‌ ജീവിതത്തോട് പടപൊരുതുന്ന പ്രമോദിന് നല്ലൊരു വീല്‍ചെയര്‍ പോലും ഉണ്ടായിരുന്നില്ല. തുരുമ്ബെടുത്ത് തകര്‍ന്ന ഒരു വീല്‍ചെയര്‍ ആയിരുന്നു അദ്ദേഹത്തിന്റെത്. പ്രമോദിന്റെ അധ്വാനവും അതേസമയം പ്രയാസവും വാര്‍ത്തയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നടന്‍ മോഹന്‍ലാല്‍ പ്രമോദിനെ നേരിട്ട് കാണാനെത്തി. ഒരു ഇലക്‌ട്രിക് വീല്‍ചെയറും പ്രമോദിന് സമ്മാനിച്ചു. ലോക്ക് ഡൗണ്‍ സമയത്ത് ഉള്‍പ്പെടെ നിര്‍മ്മിച്ച പ്രമോദിന്റെ പേപ്പര്‍ പേനകള്‍ മുഴുവനും താന്‍ വാങ്ങാം എന്ന ഉറപ്പു കൂടി മോഹന്‍ലാല്‍ നല്‍കി. ജീവിതോപാധിയെന്ന നിലയിലും, പാഴാക്കി കളയുന്ന വസ്തുക്കളില്‍ നിന്നാണെങ്കിലും ഒരു ചെടിയെങ്കിലും മുളച്ച്‌ വരണമെന്ന വാശിയോടെയുമാണ് പ്രമോദ് വിത്ത് പേപ്പര്‍ പേനകള്‍ തയ്യാറാക്കുന്നത്.
അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോക്ടര്‍ നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രമോദിന് വീല്‍ചെയര്‍ കൈമാറിയത്. തന്റെ പ്രയാസമറിഞ്ഞ് പിന്തുണയുമായി രംഗത്തെത്തിയ ലാലേട്ടന് പ്രമോദ് നന്ദിപറഞ്ഞു. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘കൊണ്ടുനടക്കുവാന്‍ ആരുമില്ലാത്ത എനിക്കൊരു ഇലക്‌ട്രിക് വീല്‍ ചെയര്‍ വേണം, തളര്‍ന്ന ശരീരത്തെ വളഞ്ഞ കയ്യുമായി നേരിട്ട് ഞാനുണ്ടാക്കിയ വിത്ത് പേനകള്‍ മണ്ണില്‍ നാമ്ബെടുക്കുന്നത് കാണണമെന്നും പ്രമോദ് നേരത്തേ പറഞ്ഞിരുന്നു. എന്ത് മനോഹരമായ കാഴ്ച്ചയാകുമത്. കാണാന്‍ കണ്ണുണ്ടായിട്ടും കയ്യും കാലും മരവിച്ച്‌ പോയ ഞങ്ങളെ പോലുള്ളവരുടെ സങ്കടം ആരു കാണാനാണ്? എന്നും പ്രമോദ് പറഞ്ഞിരുന്നു. ഈ സങ്കടങ്ങള്‍ക്കെല്ലാം പരിഹാരമായാണ് ഇപ്പോള്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

Related Articles

Back to top button