KeralaKollamLatest

കൊല്ലത്ത് പ്രവാസിയെ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയതായി പരാതി

“Manju”

കൊല്ലം അഞ്ചലിൽ പ്രവാസിയെ ക്വാറന്റീൻ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയതായി പരാതി. നിരീക്ഷണത്തിൽ തുടരണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെട്ടതായാണ് പരാതി ഉയരുന്നത്. എന്നാൽ ഇയാൾക്ക് ഗൃഹ നിരീക്ഷണത്തിന് സൗകര്യമുണ്ടെന്നും അതിനായി സ്വയം പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ഇന്നലെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ഏരൂർ അയിലറ സ്വദേശിയായ ബാബുവാണ് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിയ ഇയാളെ കെഎസ്ആർടിസിയിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചു. അവിടെ നിന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലെത്തി. എന്നാൽ പഞ്ചായത്തിൽ നിന്ന് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, നിരീക്ഷണത്തിൽ പ്രവേശിക്കണമെങ്കിൽ പണം നൽകണമെന്നും അധികൃതർ പറഞ്ഞു.

ഗൃഹ നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇയാളുടെ വീട്ടിലുണ്ടെന്നും അതിനായി സ്വയം ആശുപത്രിയിൽ നിന്ന് ഇറങ്ങുകയായിരുന്നു എന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പക്ഷം. ക്വാറന്റീൻ ലംഘനത്തിന് ഇയാൾക്കെതിരെ കേസെടുത്തു. നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയ ഇയാളെ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് ഗൃഹ നിരീക്ഷണത്തിലേക്ക് മാറ്റി.

Related Articles

Back to top button