KeralaLatest

ശക്തമായ മഴയും കാറ്റും: ക്യാംപുകള്‍ സജ്ജമാക്കാന്‍ നടപടി

“Manju”

എറണാകുളം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

വില്ലേജ് തലത്തില്‍ ക്യാംപുകള്‍ തുടങ്ങാനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊതു വിഭാഗം, മുതിര്‍ന്ന പൗരന്മാര്‍, കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍, കോവിഡ് ക്വാറന്റൈൻ നിലുള്ളവര്‍ എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ക്യാംപുകള്‍ ആരംഭിക്കുക. മെയ് 14, 15 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത കൂടി കണക്കിലെടുത്ത് ചെല്ലാനം അടക്കമുള്ള തീരദേശ മേഖലയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. അവധിയില്‍ പോയിരിക്കുന്ന റവന്യൂ വകുപ്പ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

ചുഴലിക്കാറ്റ് മൂലം തീപിടിത്ത സാധ്യത കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. പഞ്ചായത്തുകള്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കണം. ആംബുലന്‍സുകളുടെയും ഓക്സിജന്‍ ട്രക്കുകളുടെയും ഗതാഗതം സുഗമമാക്കും. ആശുപത്രികളില്‍ കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും. ബിപിസിഎല്ലില്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്ന 500 ഓക്സിജന്‍ ബെഡുകളിലേക്ക് വ്യാഴാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. 90 ആരോഗ്യ പ്രവര്‍ത്തകരെയും ഇവിടെ നിയമിച്ചു. ഇവര്‍ക്കുള്ള പരിശീലനം നടന്നു വരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയുടെയും സണ്‍ റൈസ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിലുള്ള 100 വീതം ഓക്സിജന്‍ ബെഡുകള്‍ ഒരാഴ്ചയ്ക്കകം സജ്ജമാകും. ഇതിനു പുറമേയുള്ള 1000 ബെഡുകളുടെ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ ടെന്റ് വര്‍ക്കുകള്‍ ആരംഭിച്ചു.

ബയോ ടോയ് ലെറ്റുകളും എത്തിച്ചിട്ടുണ്ട്. ഈ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 1000 ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ജീവനക്കാരെ വിന്യസിക്കുക. കാസ്പ് നിരക്കില്‍ ഇവിടെ രോഗികള്‍ക്ക് ചികിത്സ ലഭ്യമാകും. രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ പൂര്‍ണ്ണ നിയന്ത്രണം ജില്ലാ ഭരണകൂടത്തിനായിരിക്കും. അഡ്ലക്സിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെയും ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. ഫ്ളോര്‍ പ്ലാന്‍ തയാറാക്കിക്കഴിഞ്ഞു. എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ ഏജന്‍സിയുടെ അംഗീകാരമുള്ള കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാന്‍ യോഗം അനുമതി നല്‍കി.

കൂനമ്മാവ് വയോജന കേന്ദ്രത്തില്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗ ബാധിതരായ സാഹചര്യത്തില്‍ അധിക പരിചരണം ഏര്‍പ്പെടുത്തുന്നതിന് നടപടിയെടുക്കും. പ്രത്യേക മെഡിക്കല്‍ ടീമിനെ വിന്യസിക്കും. ഫോര്‍ട്ടുകൊച്ചി ആശ്വാസ് ഭവന്‍ എഫ് എല്‍ടിസിയാക്കി മാറ്റുന്നതിനും നടപടിയെടുക്കും. സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ വാക്സി നില്‍ നിന്ന് 18 വയസിനു മുകളിലുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കും. മാധ്യമ പ്രവര്‍ത്തകര്‍, ദ്രുത കര്‍മ്മ സേന, വൊളന്റിയര്‍മാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കും. ആമ്പല്ലൂര്‍ പഞ്ചായത്ത് മൊബൈല്‍ കടകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് നല്‍കിയ കത്ത് യോഗം തള്ളി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഏതെങ്കിലും പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം അനുമതികള്‍ നല്‍കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി.

Related Articles

Back to top button