IndiaLatest

തപാല്‍ വകുപ്പ് പുതിയ പാതയിലേയ്ക്ക്

“Manju”

ശ്രീജ.എസ്

പരമ്പരാഗത തപാല്‍ സേവനങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞപ്പോള്‍ പുത്തന്‍ പാതകള്‍ തിരയുകയാണ് തപാല്‍ വകുപ്പ്. ആധാര്‍ എന്റോള്‍മെന്റ് തെറ്റുതിരുത്തല്‍, പുതുക്കല്‍, മൊബൈല്‍ റീചാര്‍ജ്ജ്, പാചകവാതക ബുക്കിങ്, ഡി ടി എച്ച്‌ റീചാര്‍ജിങ്, ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ ബില്‍ അടയ്ക്കല്‍, വൈദ്യുതി, വെള്ളക്കരം അടയ്ക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള വിഹിതം അടയ്ക്കല്‍ എന്നിവയ്ക്ക് ഇനി തപാല്‍ വകുപ്പും.

ലോക്ക്ഡൗണ്‍ സമയത്ത് ഏറെ ജനപ്രീതി നേടിയ ഒന്നാണ് ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (എ ഇ പി എസ്). തപാല്‍ ഓഫീസുകളില്‍ വിളിച്ചറിയിക്കുന്നതനുസരിച്ച്‌ പോസ്റ്റ്മാന്‍ പണം കൊണ്ടുതരുന്ന പദ്ധതിയാണിത്. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈ സിസ്റ്റം വഴി പണം പിന്‍വലിക്കാവുന്നതാണ്. പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 രൂപയാണ്.

പോസ്റ്റ് ഓഫീസില്‍ ഐ പി പി ബി അക്കൗണ്ട് ഉള്ള ആര്‍ക്കും തന്നെ ഐ പി പി ബി ആപ്പ് വഴി പണമിടപാടുകള്‍ നടത്താം. മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുവാനും ബില്ലുകളും പ്രീമിയം തുകകളും അടയ്ക്കുവാനും കടകളിലും മറ്റും പണമിടപാടുകള്‍ നടത്തുവാനും ഈ ആപ്പ് വഴി സാധിക്കും. പോസ്റ്റ്‌ഓഫീസില്‍ അക്കൗണ്ട് തുറക്കാന്‍ വളരെ എളുപ്പമാണ്. ആധാര്‍ നമ്പര്‍ മാത്രം മതി. മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് റെഡി.

പരമ്പരാഗത നിക്ഷേപ പദ്ധതികള്‍ക്ക് പുറമെ തപാല്‍ വകുപ്പ് സോവറിന്‍ സ്വര്‍ണബോണ്ടുകളും ഇറക്കികഴിഞ്ഞു. എട്ട് വര്‍ഷമാണ് കാലവധിയെങ്കിലും അഞ്ചുവര്‍ഷം പൂര്‍ത്തിയായാല്‍ സറണ്ടര്‍ ചെയ്യാനാകും. സറണ്ടര്‍ ചെയ്യുമ്പോള്‍ ആ സമയത്ത് വിപണിയിലെ സ്വര്‍ണ്ണത്തിന്റെ മൂല്യമാണ് ലഭിക്കുക. കൂടാതെ ആറുമാസം ഇടവേളയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് രണ്ടര ശതമാനം പലിശനിരക്കില്‍ പലിശ അക്കൗണ്ടിലേക്ക് ലഭിക്കും.

Related Articles

Back to top button