Uncategorized

ശാരീരികവും ആത്മീയവുമായ സുസ്ഥിതിയാണ് ആരോഗ്യം – ഡോ.കെ.എന്‍.ശ്യാമപ്രസാദ്

“Manju”

പോത്തൻകോട് : ആരോഗ്യമെന്നാല്‍ ആത്മീയവും ശാരീരികവുമായ സുസ്ഥിയെന്ന് ഡോ. കെ.എന്‍. ശ്യാമപ്രസാദ്. ആരോഗ്യത്തെക്കുറിച്ച് പലതരം കാഴ്ചപ്പാടുകളാണ് സമൂഹത്തിനുള്ളത്. ശരീരവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ നിലനില്പിന് ഭക്ഷണം എന്നപോലെ മനസ്സിന്റെ നിലനില്പിന് ധ്യാനം, അഥവാ ഏകാഗ്രത ആവശ്യമാണ്. അസ്വസ്ഥമായ മനസ്സ് ശരീരത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കും. സ്വസ്ഥമായ മനസ്സ് ശരീരസുഖം നല്‍കും. അതിനാല്‍ ശരീരവും മനസ്സും പരസ്പര പൂരകങ്ങളാണ്. ആ പൂരകത നഷ്ടപ്പെടുമ്പോഴാണ് അസുഖങ്ങളിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുകയെന്ന് ആശ്രമം അഡ്വൈസറി കമ്മിറ്റി ഹെല്‍ത്ത്കെയര്‍ പേട്രണ്‍കൂടിയായ ഡോ.കെ.എന്‍.ശ്യാമപ്രസാദ് പറഞ്ഞു. ആരോഗ്യം പരിപാലിച്ചെങ്കില്‍ മാത്രമേ ഊര്‍ജ്ജസ്വലരായി കര്‍മ്മം ചെയ്യുവാനാകുകയുള്ളൂ, ഇന്ന് (2-10-2022 ഞായര്‍) രാവിലെ 11.00 മണിക്ക് ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വ്യക്തിയ്ക്കും ആരോഗ്യം സംബന്ധിച്ച അറിവ് ഉണ്ടാകണം. ആരോഗ്യ പഠനവും, ആരോഗ്യ അഭിവൃദ്ധിയുമാണ് ഏറ്റവും അത്യന്താപേക്ഷിതം. നമ്മുടെ ഭക്ഷണത്തില്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജജം നല്‍കുന്ന ഊര്‍ജ്ജദായകങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തണം. സമീകൃതാഹാരം ശീലിക്കണം. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാരുകള്‍, വെള്ളം, പോഷകഘടങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം ഉപയോഗിക്കണം. നാംശ്വസിക്കുന്ന വായു മലീമസമല്ലാത്തതും ശുദ്ധവുമായിരിക്കണം, എങ്കില്‍ മാത്രമെ ശ്വസനപ്രക്രീയയിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കേണ്ടുന്ന പ്രകൃതിജന്യ വസ്തുക്കളും ശുദ്ധമായിരിക്കുകയുള്ളൂ. നമ്മുടെ ആരോഗ്യപരിപാലനത്തില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണം തന്നെ സമ്പുഷ്ടമായിരിക്കണം. അത് ഇപ്രകാരമായാല്‍ നന്ന്, തവിട് കലര്‍ന്ന് അരി, സംസ്കരിച്ചെടുക്കുന്ന ശുദ്ധമായ ഗോതമ്പ് (മഞ്ഞ നിറത്തിലുള്ളത്), മായം കലരാത്ത പഞ്ചസാര ഇവ ഉപയോഗിക്കണം. സസ്യാഹാരം ഒരിക്കലും മോശമല്ല. സസ്യഭോജികളായിട്ടുള്ളവര്‍ക്ക് ‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയാണ് മുഖ്യം. പഴവര്‍ഗ്ഗങ്ങളില്‍ വിറ്റാമിനുകളും, ധാതുക്കളും, ആന്റീഓക്സിഡന്റുകളും ഉണ്ട്. ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെയുണ്ടാകുന്ന വിഷത്തെ നീക്കം ചെയ്യാൻ ആന്റീ ഓക്സിഡന്റുകള്‍ ഉത്തമമാണ്. സമീകൃതാഹാരത്തില്‍ 30 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കണം.

പച്ചക്കറിവര്‍ഗ്ഗങ്ങളില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ ഇലക്കറികള്‍ ധാരാളം ഉപയോഗിക്കേണ്ടതാണ്. മാംസ്യം ധാരാളം അടങ്ങിയിരിക്കുന്ന സോയാബീന്‍ കഴിക്കണം. സസ്യഭോജികളില്‍ അസുഖം വളരെ കുറവാണ് എന്നാല്‍ വിറ്റാമിന്‍ B12സിങ്ക് എന്നിവയുടെ അഭാവം കണ്ടു വരുന്നു. ഭക്ഷണത്തില്‍ ബദാം പച്ചഉള്ളി, ക്യാബേജ്, പ്രോക്കോളി , മരച്ചീനി എന്നിവയുടെ ഉപയോഗം തൈറോയിഡിന്റെ പ്രവര്‍ത്തനം കൂട്ടുമെന്നും അഭിപ്രായപ്പെട്ടു. ആരോഗ്യപരിപാലനത്തില്‍ ആഹാരത്തിനൊപ്പം വ്യായാമവും കൂടിയേതീരു. രാവിലെയും വൈകിട്ടും 20 മിനിറ്റ് നടത്തം അത്യാവശ്യമാണ്. ഒരാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും നടക്കണം. നിരന്തരമുള്ള ചികിത്സകളും പരിശോധനകളും ഉപേക്ഷിക്കരുത്. അമിത ഉപ്പ് ,പൊരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍, വെളിച്ചെണ്ണ എന്നിവയ്ക്ക് പകരം ഒലിവെണ്ണ കപ്പലണ്ടി എണ്ണ എന്നിവ ആഹാരത്തിന്റെ ദൈനംദിന ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്യാസദീക്ഷയോടനുബന്ധിച്ച് ആറാം ദിവസം നടന്ന സന്ന്യാസസംഘത്തിനുള്ള ആരോഗ്യ ബോധവത്ക്കരണക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 5 ബുധനാഴ്ച നടക്കുന്ന വസ്ത്രദീക്ഷാ ദിനത്തോടെ ഈ വര്‍ഷത്തെ സന്യാസദീക്ഷാ വാര്‍ഷികാഘോഷത്തിന് സമാപനമാകും.

Related Articles

Back to top button