KeralaLatestThiruvananthapuram

ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് കര്‍ശനമാക്കുന്നു

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് കര്‍ശനമാക്കുന്നു. തുടക്കത്തില്‍ പരിശോധനയില്‍ അല്പം വിട്ടുവീഴ്ച വരുത്തിയെങ്കിലും വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് തീരുമാനം. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം നിരത്തിലിറക്കിയാല്‍ വാഹനം ഓടിക്കുന്നയാളുടെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് റദ്ദാവുക. കൂടാതെ പിഴയും നല്‍കേണ്ടിവരും. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്താതെ താക്കീത് നല്‍കും. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കുകയും ലെെസന്‍സ് റദ്ദാക്കുകയും ചെയ്യും.

രണ്ട് ദിവസം കൊണ്ട് ജില്ലയില്‍ 200 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഇരുചക്രവാഹന യാത്രക്കാര്‍ നിയമലംഘനം തുടരുകയാണ്. 2019 ഡിസംബര്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ പിന്‍സീ​റ്റ് യാത്രക്കാര്‍ക്ക് ഹെല്‍മ​റ്റ് നിര്‍ബന്ധമാക്കിയത്.

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മ​റ്റിടാതെ യാത്രചെയ്തവരുടെ അപകട മരണ നിരക്ക് കൂടിയതോടെയാണ് പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജില്ലയില്‍ ലോക്ക് ഡൗണില്‍ അപകടങ്ങള്‍ കുറഞ്ഞിരുന്നെങ്കിലും ഇളവ് വന്നതോടെ അപകടങ്ങളും മരണവും ദിനംപ്രതി കൂടുകയാണ്.

അപകടങ്ങള്‍ കുറയ്ക്കാനാണ് പിന്‍സീറ്റില്‍ ഇരിയ്ക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ബോധവത്കരണം നല്‍കി വരുന്നുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴചുമത്തും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.

Related Articles

Back to top button