IndiaLatest

ഹത്‌റാസ് കേസ് ഇന്ന് സുപ്രിംകോടതിയിൽ; പൊതുതാൽപര്യഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

“Manju”

ഹത്‌റാസ് കേസ് ഇന്ന് സുപ്രിംകോടതിയിൽ. കോടതി മേൽനോട്ടത്തിൽ സിബിഐയുടെയോ പ്രത്യേക സംഘത്തിന്റെയോ അന്വേഷണം വേണമെന്ന പൊതുതാൽപര്യഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തെ ഉത്തർപ്രദേശ് സർക്കാർ അനുകൂലിച്ചിരുന്നു. പെൺക്കുട്ടിയുടെ കുടുംബത്തിന് ഒരുക്കിയ സുരക്ഷയുടെ വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും മതിയായ സുരക്ഷ ഒരുക്കിയെന്നും, അവരുടെ സുരക്ഷ ഉറപ്പ് നൽകുന്നുവെന്നും ഉത്തർപ്രദേശ് സർക്കാർ ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സായുധ അകമ്പടി, പൊലീസ് കാവൽ, വീടിന് ചുറ്റും സിസിടിവി ക്യാമറകൾ, വെളിച്ച സംവിധാനം എന്നിവ ഒരുക്കിയെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഗ്രാമത്തിലേക്ക് കടക്കുന്ന ഇടം മുതൽ സുരക്ഷാസംവിധാനം ഏർപ്പെടുത്തി. കുടുംബത്തിന്റെ സ്വകാര്യതയിൽ കടന്നുകയറാനുള്ള ശ്രമം അനുവദിക്കില്ല.

അതേസമയം, കുടുംബത്തിന് അവരുടെ ഇഷ്ടപ്രകാരം സഞ്ചരിക്കാനും ആൾക്കാരെ കാണാനും തടസമില്ലെന്ന് യു.പി സർക്കാർ വ്യക്തമാക്കി. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കൈമാറാൻ കോടതി സിബിഐക്ക് നിർദേശം നൽകണമെന്നും അങ്ങനെയങ്കിൽ ഡി.ജി.പിക്ക് ആ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിക്കാൻ കഴിയുമെന്നും യു.പി സർക്കാർ വിചിത്ര വാദം ഉന്നയിച്ചിട്ടുണ്ട്.

പൊതുപ്രവർത്തകരായ സത്യമാ ദുബെ, വിശാൽ താക്കറെ, രുദ്ര പ്രതാപ് യാദവ് തുടങ്ങിയവർ സമർപ്പിച്ച പൊതുതാൽപര്യഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. അതേസമയം, സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന മാധ്യമ റിപ്പോർട്ടുകളെ ചോദ്യം ചെയ്ത് കേരളത്തിലെ സന്നദ്ധ സംഘടന കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കണമെന്നാണ് ആവശ്യം.

Related Articles

Back to top button