ErnakulamUncategorized

സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ഭീകരവാദ ബന്ധം: കോടതിയില്‍ എൻഐഎ

“Manju”

കൊച്ചി• സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി. കേസ് ഡയറിയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും പരിശോധിച്ച ശേഷം കോടതി 10 പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച വിശദമായ വാദംകേള്‍ക്കലിന് മാറ്റിവച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.

കസ്റ്റഡിയിലുള്ള പ്രതികള്‍ കൂടുതല്‍ സ്വര്‍ണം കടത്തുന്നതിന് ആസൂത്രണം നടത്തി വരികയായിരുന്നെന്നും കേസിലെ ഒരു പ്രതിക്ക് തീവ്രവാദബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഏതു പ്രതിക്കാണ് തീവ്രവാദബന്ധമെന്ന കോടതിയുടെ ചോദ്യത്തിന് തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്കാണെന്നും അന്വേഷണ സംഘം അറിയിച്ചു. സ്വര്‍ണക്കടത്തു കേസില്‍ 12ാം പ്രതിയാണ് ഇദ്ദേഹം. പ്രതികള്‍ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 90 ദിവസത്തില്‍ നിന്ന് 180 ദിവസം ആക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെ പട്ടിക സമര്‍പ്പിക്കാന്‍ എന്‍ഐഎ കോടതി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നു. എഫ്‌ഐആറില്‍ പ്രതികള്‍ക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം എന്നായിരുന്നു ആവശ്യം. അന്വേഷണ ഏജന്‍സികള്‍ കസ്റ്റംസ്, യുഎപിഎ വകുപ്പുകള്‍ വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ കോടതി വിശദമായി പരിശോധിച്ചത്. പ്രതികളുടെ എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്ക് തെളിവ് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button