LatestTech

എന്തുകൊണ്ടാണ് ‘സിഗ്നല്‍’ വാട്‌സാപ്പിനേക്കാള്‍ സുരക്ഷിതമെന്ന് പറയുന്നത്?

“Manju”

ട്‌സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോണ്‍ മസ്‌കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡുകളുടെയും അതില്‍ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

സിഗ്നലിനെ കുറിച്ച് അറിയാം

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നല്‍. 2014 ലാണ് സിഗ്നല്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വാട്‌സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്നലിന് വേണ്ടി സിഗ്നല്‍ ഫൗണ്ടേഷന്‍ എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്.

ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന്  വികസിപ്പിച്ച വാട്‌സാപ്പ് 2014 ലാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്‌സാപ്പില്‍ നിന്നും ലാഭമുണ്ടാക്കുന്നതിന് ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിന്റെ നിലപാടുമായി അഭിപ്രായ വ്യത്യാസം  വന്നതോടെ ബ്രയാന്‍ ആക്ടണും ജാന്‍ കോമും കമ്പനി വിടുകയായിരുന്നു. 2017 ലാണ് ഫെയ്‌സ്ബുക്കില്‍ നിന്നും രാജിവെച്ചത്.

വാട്‌സാപ്പ്, ടെലഗ്രാം പോലെ ഇന്റര്‍നെറ്റ് വഴി രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ ആപ്പിലൂടെ സാധിക്കും. വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്.  ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്.

വാട്‌സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യം സിഗ്നലിലും ഉണ്ട്.

ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഈ സേവനത്തില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സംരക്ഷണവുമുണ്ട്. സുരക്ഷിതമായി എസ്എംഎസ് അയക്കാനും ഉപയോഗിക്കാം

ഇത് കൂടാതെ ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്നല്‍ എസ്എംഎസുകള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം.

മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്‌സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും. ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ മാത്രമാണ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക.

ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്നാമീസ് ഭാഷകള്‍ സിഗ്‌നലില്‍ ഇപ്പോള്‍ ലഭ്യമാണ്.

വിശ്വാസ്യത നേടാന്‍ കാരണം

മറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗജന്യമായ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് സിഗ്നല്‍ ആപ്പിന് മേല്‍ ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത്. ആപ്പിന്റെ ഓപ്പണ്‍സോഴ്‌സ് കോഡ് ആര്‍ക്കും പരിശോധിക്കാവുന്നതാണ്

അതായത് ആപ്പില്‍ ജനവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത് കമ്പനിയ്ക്ക് പുറത്തുള്ളവര്‍ക്ക് പരിശോധിക്കാനും തിരിച്ചറിയാനും സാധിക്കും. കമ്പനിയുടെ രഹസ്യ ഇടപെടലുകള്‍ അതില്‍ സാധിക്കില്ല. സിഗ്നല്‍ ആപ്പിന്റെ നിര്‍മാണത്തില്‍ ഉടമകള്‍ അത്രത്തോളം സുതാര്യത ഉറപ്പുവരുത്തുന്നുണ്ട്.

ടെലിഗ്രാം മെസേജിങ് ആപ്ലിക്കേഷനും ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറാണുള്ളത്. എന്നാല്‍ വാട്‌സാപ്പിന് അങ്ങനെയല്ല.

മാത്രവുമല്ല സുരക്ഷാ വിദഗ്ദര്‍, സ്വകാര്യത ഗവേഷകര്‍ പോലെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന പലരും സിഗ്നല്‍ ഉപയോക്താക്കളാണ്.

അമേരിക്കയുടെ ഭീഷണി നേരിടുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ പോലും സിഗ്നല്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നവരില്‍ ഒരാളാണ്. താന്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല എന്നതിന് ഒരു കാരണമായി അദ്ദേഹം പറയുന്നതും സിഗ്നല്‍ ആപ്പ് ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാണ്.

ആഡ്രോയിഡ് : https://play.google.com/store/apps/details?id=org.thoughtcrime.securesms&hl=en_IN&gl=US

ഐ.ഓ.എസ് : https://apps.apple.com/us/app/signal-private-messenger/id874139669

Related Articles

Back to top button