IndiaLatest

ലോക്ഡൗണ്‍ മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

“Manju”

മുംബൈ: കൊറോണ കേസുകള്‍ അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മറ്റൊരു ലോക്ഡൗണ്‍ മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും പൊതുജനങ്ങള്‍ ഇനിയും തയ്യാറായില്ലെങ്കില്‍ വൈകാതെ തന്നെ ലോക്ഡൗണ്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘകര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കൊടുക്കാനുള്ള അനുമതി തരണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്.

പല്‍ഘര്‍ ജില്ലയിലാണ് സംസ്ഥാനത്ത് അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, സ്വകാര്യ സ്‌കൂളുകള്‍ മുതലായവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് പല്‍ഘര്‍ കളക്ടര്‍ ഡോ.മാണിക് ഗുര്‍സല്‍ അറിയിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 23,179 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ മഹാരാഷ്ട്രയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മഹാരാഷ്ട്രയില്‍ ഇതുവരെയുള്ള കൊറോണ രോഗികളുടെ എണ്ണം 23,70,507 ആയി ഉയര്‍ന്നു. ബുധനാഴ്ച 88 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 53,080 ആയി ഉയര്‍ന്നെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ വലിയ ഭാഗവും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്.

 

Related Articles

Back to top button