InternationalLatest

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കില്ല

“Manju”

കാബൂള്‍: താലിബാന്‍ അധികാരത്തില്‍ വന്നതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിന് പുറമെ, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്‌, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുകയാണ് താലിബാന്‍. ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയതിന് പിന്നാലെ ഇപ്പോഴിതാ കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാന്‍.

സ്ത്രീകള്‍ വാഹനമോടിക്കുന്നത് കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെല്ലാം സ്ഥിരം കാഴ്ചയാണ്. എന്നാല്‍ അഫ്ഗാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തില്‍ പോലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് തടയാന്‍ ഡ്രൈവിംഗ് പരിശീലകരോട് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സ് നല്‍കുന്നത് തടയാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രാഫിക് മാനേജ്മെന്റ് മേധാവി ജാന്‍ അംഗ അചക്സായി പറഞ്ഞു. പുതുതലമുറയ്ക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ താലിബാന്‍ ശ്രമിക്കുകയാണെന്നും പുരുഷന്മാര്‍ വാഹനമോടിക്കുന്നതിനേക്കാള്‍ സുരക്ഷിതം സ്ത്രീകള്‍ വാഹനമോടിക്കുന്നതാണെന്നും വനിതാ ഡ്രൈവിംഗ് പരിശീലക ആദില ആദീല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം താലിബാന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ 1996-2001 കാലഘട്ടത്തില്‍ കാട്ടിയ അതിക്രമങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് വാഗ്ദ്ധാനം ചെയ്തെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും ഇത് സത്യമല്ലെന്ന് തെളിയുകയാണ്. ഇതിന് പുറമേ, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അടിയന്തര ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യം കൂടിയാണ് അഫ്ഗാനിസ്ഥാന്‍. 23 ദശലക്ഷത്തിലധികം ആളുകള്‍ സഹായം തേടുകയാണ്. കൂടാതെ, ഏകദേശം 95 ശതമാനം ആളുകള്‍ക്കും ഭക്ഷണം അപര്യാപ്തമാണ്.

Related Articles

Back to top button