IndiaLatest

ക്രിക്കറ്റ് മത്സരങ്ങളിലെ പുതിയ നിയമങ്ങള്‍ അംഗീകരിച്ച്‌ ഐസിസി

“Manju”

കൊറോണ വൈറസ് മഹാമാരിക്ക് ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട പരിഷ്കാരങ്ങള്‍ അംഗീകരിച്ച്‌ ഐ.സി.സി. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനല്‍ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാന്‍ തുപ്പല്‍ വിലക്ക് തുടങ്ങി കുറേയേറെ പരിഷ്കാരങ്ങളാണ് ഐസിസി ഏര്‍പ്പെടുത്തിയത്. അടുത്ത ഒരുവര്‍ഷത്തേക്കായിരിക്കും ഈ മാറ്റം.

പന്തിനു തിളക്കം കൂട്ടാന്‍ തുപ്പല്‍ പുരട്ടുന്നത് ആദ്യത്തെ ചില മത്സരങ്ങളില്‍ കര്‍ശനമാവില്ല. പന്തില്‍ തുപ്പല്‍ പുരട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ പന്ത് വാങ്ങി വൃത്തിയാക്കിയശേഷമെ കളി തുടരാന്‍ അനുവദിക്കൂ. ടീമിന് ഇത്തരത്തില്‍ രണ്ട് തവണ താക്കീത് നല്‍കും. ഇതിനു ശേഷം സമാന തെറ്റ് ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍ട്ടിയായി നല്‍കും. ടെസ്റ്റ് മത്സരങ്ങളില്‍ നിക്ഷ്പക്ഷ അമ്പയര്‍മാര്‍ വേണമെന്നാണ് ചട്ടം. പക്ഷേ, പല രാജ്യങ്ങളിലും യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ പ്രാദേശിക അമ്പയര്‍മാരെയും മാച്ച്‌ ഒഫീഷ്യല്‍സിനെയും മത്സരം നിയന്ത്രിക്കാനായി നിയോഗിക്കാം. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇയാള്‍ക്ക് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ അനുവദിക്കും.

ടെസ്റ്റ് ജഴ്സിയില്‍ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തില്‍ ഒരു ലോഗോ കൂടി കളിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാം. നേരത്തെ, ടെസ്റ്റില്‍ ജേഴ്‌സിയിലെ നെഞ്ചിന്റെ ഭാഗത്ത് ലോഗോ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മൂന്ന് ലോഗോകള്‍ മാത്രമാണ് ടെസ്റ്റ് ജഴ്സിയില്‍ പ്രദര്‍ശിപ്പിക്കാമായിരുന്നത്.

ഡിആര്‍എസിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. പരിചയ സമ്പന്നരായ അമ്പയര്‍മാരുടെ അഭാവത്തില്‍ പുതുമുഖങ്ങളായ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കേണ്ട സാഹചര്യമുള്ളതിനാലാണ് ഡിആര്‍എസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക. ടെസ്റ്റില്‍ ഓരോ ടീമിനും ഇനി മൂന്ന് ഡിആര്‍എസ് അവസരങ്ങളും ഏകദിനത്തില്‍ രണ്ട് ഡിആര്‍എസ് അവസരങ്ങളും നല്‍കും.

Related Articles

Back to top button