KeralaKollamLatest

കേരളത്തിൽനിന്ന് ലണ്ടനിലെത്തിയ കോക്കനട്ട് മാൻ: ഇന്ന് കൊക്കൊഫിനയുടെ അമരക്കാരൻ

“Manju”

കൊല്ലം :നാളികേരം കൊണ്ടു ചരിത്രം സൃഷ്ടിക്കുകയാണ് ലണ്ടനിലെ പ്രവാസി മലയാളി ജേക്കബ് തുണ്ടിൽ. ആരും ചിന്തിക്കുക പോലും ചെയ്യാത്ത നാളികേര ഉൽപന്നങ്ങൾ തയാറാക്കി വിറ്റ് വിജയം കൊയ്യുന്നു, തടസങ്ങളെയും വെല്ലുവിളികളെയും അവസരമാക്കുന്ന ഈ യുവ സംരംഭകൻ ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടന്‍ ഉൾപ്പെടെ 28 രാജ്യങ്ങളിൽ വ്യവസായശൃംഖല വളർത്തിയെടുത്ത പ്രതിഭയാണ്. ബിബിസി ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയ സംരംഭക മികവിന്റെ ഉടമ. ബ്രിട്ടനിലെ ഭക്ഷ്യമേഖലയിൽ വലിയ നേട്ടങ്ങൾ കൊയ്ത ‘കോക്കനട്ട് മാൻ’ ഇപ്പോൾ മറ്റൊരു നേ ട്ടത്തിന്‍്റെ നിറവിലാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ‘മെംബർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ’ ബഹുമതി(എംബിഇ പുരസ്കാരം)യാണ് അദ്ദേഹത്തെ തേടിയിയെത്തിയിരിക്കുന്നത്. നാളികേരത്തിൽനിന്നു ജൈവ ഉൽപന്നങ്ങൾ ‘കൊക്കൊഫിന’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിച്ച് വിജയം കൊയ്യുന്നതിനാണ് ഈ ആദരം. ഇന്ത്യയിലെ പദ്മ പുരസ്കാരത്തിന് സമാനമാണ് ബ്രിട്ടനില്‍ ഈ ബഹുമതി. തെങ്ങിനെ സ്നേഹിക്കുകയും തേങ്ങയുടെ ഗുണവും രുചിയും മധുരവും ചെറുപ്പം മുതലേ അനുഭവിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യുന്ന ജേക്കബ് കേരളത്തിൽനിന്നു ബ്രിട്ടനിലെത്തി കോക്കനട്ട് വ്യവസായത്തിലെ ചീഫ് നട്ടായി വളർന്ന കഥ ഇങ്ങനെ…

തനി കൊല്ലംകാരനായ ജേക്കബ് ബിരുദംവരെ പഠിച്ചത് കേരളത്തില്‍ തങ്കശേരിയിലെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലും കോട്ടയത്തെ കോർപസ് ക്രിസ്റ്റി സ്കൂളിലും കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലുമായിരുന്നു. പിതാവ് കൊല്ലം മുണ്ടയ്ക്കൽ തുണ്ടിൽ വീട്ടിൽ ജോൺ മാത്യു കൊല്ലത്ത് കശുവണ്ടി ബിസിനസുകാരൻ ആയിരുന്നു. അമ്മ പത്തനാപുരം കൂടൽ കോലത്തു വീട്ടിൽ സോഫി മാത്യു. അമ്പത്തിയാറാം വയസിൽ മരിച്ച അച്ഛന്റെ വ്യാപാര സ്ഥാപനം അമ്മയോടൊത്തു ചേർന്ന്, പതിനേഴാം വയസു മുതൽ പഠനത്തോടൊപ്പം ജേക്കബ് നോക്കി നടത്തി. എൻജിനീയറിങ്ങിനു ശേഷം ബിസിനസിൽ ഒതുങ്ങിക്കൂടി ജീവിതം ആസ്വദിച്ചു മുന്നേറുമ്പോഴാണ് സഹോദരീ ഭർത്താവായ ഡോ. ജേക്കബിന്റെ നിർദേശാനുസരണം ഉപരിപഠനത്തിനു ലണ്ടനിലെത്തിയത്.

ബിസിനസ് മാനേജ്മെന്റിൽ ബിരിദാനന്തര ബിരുദമെടുത്ത ഉടൻ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷനിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അക്സെഞ്ചർ, വെർജിൻ മീഡിയ, ലോയ്ഡ്സ് ബാങ്ക്, എച്ച്എസ്ബിസി, ബാങ്ക് ഓഫ് സ്കോട്ട്ലൻഡ്, സ്റ്റാന്‍ ഡേർഡ് ചാർട്ടേർഡ് ബാങ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തു. തിരക്കേറിയ ജോലിക്കാലത്ത് 2004ൽ ബ്രിസീലിലേക്കു നടത്തിയ അവധിക്കാല യാത്രയാണ് ജേക്കബിന്റെ ജീവിതവഴി മാറ്റിക്കുറിച്ചത്. തലസ്ഥാനമായ റിയോ ഡി ജനറോയിലെ ബീച്ചിൽ കരിക്കും കുടിച്ച് കടൽഭംഗി ആസ്വദിച്ചിരിക്കുമ്പോള്‍ കരിക്കിന്‍വെള്ളം ബോട്ടിലിൽ ആക്കി വിറ്റാൽ എങ്ങനെയിരിക്കും എന്ന ചിന്ത മനസ്സിലേക്കു വന്നു. ആ നിമിഷത്തിലാണ് ലോകമറിയുന്ന കൊക്കൊഫിന ബ്രാൻഡിന്റെ പിറവി.

ആ കരിക്കും കരിക്കു കച്ചവടക്കാരനും ജേക്കബിനെ കൊല്ലത്തെ ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടുപോയി. കരിക്കിൻ വെള്ളവും ഇളം തേങ്ങയും ആ ബാല്യത്തിലെ ദൗർബല്യങ്ങളായിരുന്നു. ഒഴിവുകാലം കഴിഞ്ഞെത്തിയ ജേക്കബ് ജോലി രാജിവച്ച് ബിസിനസ് കൺസൾട്ടൻസിയിലൂടെ വ്യവസായ നിക്ഷേപത്തിനു പണം സ്വരുക്കൂട്ടി. താമസിയാതെ ഓർഗാനിക് നാളികേര ഉൽപന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനുമായി കൊക്കൊഫിന എന്ന വ്യാപാരനാമത്തിൽ ‘ദ കോക്കനട്ട് എക്സ്പേർട്സ്’എന്ന കമ്പനിക്കു രൂപം നൽകി. കമ്പനിയുടെ തുടക്കത്തിൽ ഫ്രാൻസിലെ ഒരു എക്സിബിഷനിൽ കണ്ടെത്തിയ മനീഷ ആദ്യത്തെ ജീവനക്കാരിയായി. 14 വർഷമായി ജേക്കബിനൊപ്പം പ്രവർത്തിക്കുന്ന മനീഷ ഇപ്പോൾ കമ്പനിയുടെ ഓഹരിയുടമകളിൽ ഒരാളും ബിസിനസ് പാർട്നറുമാണ്.

കൊക്കൊഫിനയുടെ പേരിൽ വിപണിയിൽ ഉള്ളത് 32 ഉൽപന്നങ്ങള്‍. 28 രാജ്യങ്ങളിൽ ഇവ വിൽപനയ്ക്കുണ്ട്. ‘ഹോളണ്ട് ആൻഡ് ബാരറ്റ്’ തുടങ്ങിയ ലോകോത്തര ഓർഗാനിക് ഭക്ഷ്യശൃംഖലകളിൽ ഉൾപ്പെടെ ബ്രിട്ടനിൽ മാത്രം മൂവായിരത്തോളം ഔട്ട്ലെറ്റുകളിൽ ഇവ ലഭിക്കും. ഗൾഫ് രാജ്യങ്ങളിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിലുൾപ്പെടെ കൊക്കൊഫിന അതിവേഗം വിറ്റുതീരുന്ന ഉൽപന്നമാണ് എങ്കിലും ബ്രിട്ടന്‍ തന്നെ പ്രധാന വിപണി. ആദ്യ ഉല്‍പന്നവും ഇന്നും ഏറ്റവും വേഗത്തിൽ വിറ്റുപോകുന്നതും കരിക്കിൻവെള്ളം തന്നെ. ഒരു ബാച്ചിൽ പായ്ക്കറ്റിലാക്കുന്ന 25,000 ലീറ്റർ കരിക്കിൻവെള്ളം രണ്ടാഴ്ചയ്ക്കുള്ളിൽ വിൽക്കും. ലോഡ്സ് ക്രിക്കറ്റ് ക്ലബും ഹാൾ ഫൂഡ്സും ആയിരുന്നു ആദ്യത്തെ കസ്റ്റമർമാർ. ഇവരിലൂടെ ലഭിച്ച സ്വീകാര്യത വിപണിയിൽ ചുവടുറ പ്പിക്കാനാകുമെന്ന വിശ്വാസം വർധിപ്പിച്ചു.

ഇറ്റലി, ബ്രിട്ടന്‍, ശ്രീലങ്ക, വിയറ്റ്നാം, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് ഉൽപന്നങ്ങളുടെ നിർമാണം. നേരത്തെ ഇന്ത്യയില്‍ ചില ഉൽപന്നങ്ങൾ നിർമിച്ചിരുന്നെങ്കിലും യൂറോപ്യൻ വിപണിയിൽ അംഗീകാരമില്ലാത്ത സംരക്ഷകങ്ങളുടെ സാന്നിധ്യവും മറ്റും വിപണിയില്‍ ഇന്ത്യൻ നിർമിത ഉൽപന്നങ്ങള്‍ ഒഴിവാക്കപ്പെടുന്നതിനു കാരണമായി. ഔട്ട്സോഴ്സിങ്ങിലൂടെ ചില ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഫുഡ് ടെക്നോളജിയും മാർഗനിർദേശവും മാനദണ്ഡങ്ങളും പാലിച്ചും ഗുണനിലവാരം ഉറപ്പുവരുത്തിയുമുള്ള നൂറു ശതമാനം ഓർഗാനിക് ഉൽപന്നങ്ങൾ മാത്രമേ കൊക്കോഫിന ബ്രാൻഡിൽ വിൽപനയ്ക്ക് എത്തിക്കുകയുള്ളൂ.

ബ്രഡിലും മറ്റും ഉപയോഗിക്കാവുന്ന കോക്കനട്ട്, ബട്ടർ, പാനിയും ചോക്കലേറ്റും ചേർത്തുള്ള കോക്കനട്ട് ചോക്ലേറ്റ് സ്പ്രെഡ്, അമിനോ സോസ്, ഓർഗാനിക് വെളിച്ചെണ്ണ (കോൾഡ് പ്രസ്, ഹോട്ട് പ്രസ്) തേങ്ങാപ്പാൽ, വിനാഗിരി, കോക്കനട്ട് പൌഡർ, കോക്കനട്ട് നെക്ടർ, കോക്കനട്ട് ചിപ്സ്, വെളിച്ചെണ്ണയുടെ ചെറിയ ഷാഷെ, കോക്കനട്ട് ബാർ, ഐസ് ക്രീം, പാൻകേക്ക് തുടങ്ങിയവയാണ് കൊക്കൊഫിനയുടെ മാസ്റ്റർപീസ് ഉൽപന്നങ്ങൾ.

കൊക്കോഫിന സ്ഥാപകനും ഉടമയും നടത്തിപ്പുകാരനുമെല്ലാം ജേക്കബ് തുണ്ടിലാണെങ്കിലും അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നതും കമ്പനിയിൽ അദ്ദേഹത്തിന്റെ സ്ഥാനപ്പേരും ‘ചീഫ് നട്ട്’ എന്നാണ്. എന്തിലും വ്യത്യസ്തതയും തനിമയും വേണമെന്നു ചിന്തിക്കുന്ന ജേക്കബ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, പ്രസിഡന്റ്, ചെയർമാൻ പദവികൾ ചാർത്തി ആളുകളിൽനിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നില്ല.

ബിബിസിയുടെ ‘ഡ്രാഗൺസ് ഡെൻ’എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് ജേക്കബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ബിസിനസിൽ പണം നിക്ഷേപിക്കാൻ തയാറുള്ള അഞ്ച് ശതകോടീശ്വരന്മാരുടെ മുന്നിൽ ഏതാനും മിനിറ്റ് സമയംകൊണ്ട് സ്വന്തം ബിസിനസ് പരിചയപ്പെടുത്താനും ആശയങ്ങൾ പങ്കുവയ്ക്കാനും യുവ സംരംഭകർക്കുള്ള അവസരമാണിത്. ഈ ഷോയുടെ അവസാനത്തിൽ രണ്ട് ശതകോടീശ്വരന്മാര്‍ ജേക്കബിന്റെ ബിസിനസിൽ പണം മുടക്കാൻ തയാറായി. ഡ്രാഗൺ ഡെന്നിൽ പങ്കെടുത്തു വിജയിക്കുന്ന ആദ്യ മലയാളിയാണ് ജേക്കബ്.

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അവസരമാക്കുന്നതാണ് ജേക്കബിന്റെ ശൈലി. മറ്റെല്ലാ ബിസിനസുംപോലെ കൊക്കൊഫിനയ്ക്കും കോവിഡ് കാലത്തു തിരിച്ചടിയുണ്ടായി. ഉൽപന്നങ്ങളും അസംസ്കൃതവസ്തുക്കളും കൊണ്ടുവരുന്നതിന് ലോക്ഡൗണും യാത്രാനി യന്ത്രണങ്ങളും തടസമായി. ഷോപ്പുകൾ പലതും അടയ്ക്കേണ്ടിവന്നു. എന്നാൽ ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ മുടക്കം കൂടാതെ ലഭ്യമാക്കി. 4000 ശതമാനം വർധനയാണ് ചുരുങ്ങിയ കാലംകൊണ്ട് കമ്പനി ഓൺലൈൻ വിപണിയിൽ നേടിയത്. ഓൺലൈൻ, ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ശ്രദ്ധ ചെലുത്തി പ്രതിസന്ധി മറികടക്കാനാണ് ജേക്കബിന്റെ തീരുമാനം.

ലോക്ഡൗൺ കാലത്ത് കടൽ പായലിൽനിന്നു(സീ വീഡ്) 11 പുതിയ സോസുകള്‍ കൊക്കോഫിനയുടെ വിദഗ്ധർ വികസിപ്പിച്ചെടുത്തു. ഇവയില്‍ ഓയിസ്റ്റർ സോസ്, ഫിഷ് സോസ്, സോയ സോസിനു പകരമുള്ള സീവീഡ് സോസ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു വിൽക്കുന്ന പുതിയ കമ്പനി ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും.

നാളികേരവുമായി ബന്ധപ്പെട്ട ഏത് വ്യവസായത്തിനും സംരംഭത്തിനും സാങ്കേതികവിദ്യയും അറിവും പങ്കുവയ്ക്കാൻ ജേക്കബ് ഒരുക്കമാണ്. കേരളത്തിലെ നീരപോലുള്ള അശാസ്ത്രീയ പ്രോജക്ടുകൾകൊണ്ട് നാളികേര മേഖലയെ രക്ഷപ്പെടുത്താനാകില്ലെന്ന് ജേക്കബ് പറയുന്നു. മായമോ, അധിക മധുരമോ അമിത അളവില്‍ രാസവസ്തുക്കളോ ചേർത്തുള്ള ഉൽപന്നങ്ങൾക്ക് അധിക കാലം പിടിച്ചുനിൽക്കാനാകില്ല. പൊതിച്ചുകളയുന്ന ചകിരിയും, ഉടച്ചുകളയുന്ന ചിരട്ടയും പിഴിഞ്ഞുകളയുന്ന പീരയും ഒഴുക്കിക്കളയുന്ന തേങ്ങാവെള്ളവുമെല്ലാം ഉപയോഗപ്പെടുത്തിയുള്ള സമ്പൂർണ ബിസിനസ് സംസ്കാരത്തിലൂടെയേ കേരളത്തിൽ നാളികേര മേഖലയെ രക്ഷിക്കാനാകൂ. ഇതിനാണ് സർക്കാരും സർക്കാർ ഏജൻസികളും പ്രോൽസാഹനം നൽകേണ്ടത്.

Related Articles

Back to top button