KeralaLatest

തേങ്ങയുടെ വില തകര്‍ച്ച: നാളികേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

“Manju”

ചിറ്റൂര്‍: സംസ്ഥാനത്ത് പച്ച തേങ്ങയുടെ വില കൂപ്പുകുത്തുന്നു. കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി 15 മുതല്‍ 18-20 രൂപ വരെ വില ലഭിച്ചിരുന്ന പച്ച തേങ്ങയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ഒമ്പത് രൂപയിലും താഴെയാണ്.

നാട്ടുകാരായ തെങ്ങുകയറ്റ തൊഴിലാളികളെ കൊണ്ടു തേങ്ങ ഇടാന്‍ തെങ്ങൊന്നിനു 70 രൂപയില്‍ കൂടുതല്‍ കൊടുക്കണം. കിട്ടുന്ന നാളികേരത്തിന്റെ പകുതി വില കൂലിയായി തന്നെ കൊടുക്കേണ്ടിവരും. ഇട്ട നാളികേരം തല ചുമടായിട്ടോ വാഹനത്തിലോ കടത്തി വീട്ടിലെത്തിക്കാന്‍ കൂലി വേറെയും കൊടുക്കണം. നാളികേരത്തിന്റെ വിലതകര്‍ച്ച കൂടുതല്‍ തെങ്ങുള്ള കര്‍ഷകരെ മാത്രമല്ല, 5 ഉം 10 ഉം തെങ്ങുള്ള വീടുകളേയും ബാധിക്കുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കല്‍ നാളികേരം ഇറക്കി സ്വന്തം ആവശ്യത്തിനുള്ള എണ്ണയ്ക്കും പാചകത്തിനും കഴിച്ച്‌ ബാക്കി നാളികേരം കടയില്‍ കൊടുത്താല്‍ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിക്കാനുള്ള പണം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂലി ചെലവും ചെറിയ തേങ്ങ, വലിയ തേങ്ങ എന്നിവ തിരിച്ച്‌ വിലയിട്ടാല്‍ നാളികേരകര്‍ഷകന് ഒന്നും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പച്ച തേങ്ങയുടെ വില തകര്‍ച്ചയില്‍ നിന്നും വ്യാപാരികളുടെ ചൂഷണത്തില്‍ നിന്നും നാളികേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നല്ലേപ്പിള്ളിയിലെ നാളികേര കര്‍ഷകനായ വി.രാജന്‍ ആവശ്യെപെട്ടു.
നല്ലേപ്പിള്ളി അരണ്ടപ്പള്ളത്തെ കര്‍ഷകനായ വി.രാജന്റെ പറമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന പച്ച തേങ്ങ.

Related Articles

Back to top button