Latest

സൂപ്പര്‍ സ്‌പ്രെഡ് കൊവിഡ്; ലോകരാഷ്ട്രങ്ങള്‍ ഭീതിയില്‍

“Manju”

സിന്ധുമോൾ. ആർ

പുതിയ വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സൂപ്പര്‍ സ്‌പ്രെഡ് കൊവിഡ് പടര്‍ന്നു കയറുന്നത് തലച്ചോറിലും ശ്വാസകോശത്തിലുമാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. വാക്‌സിന്‍ ജനങ്ങളിലേയ്‌ക്കെത്തി തുടങ്ങിയ സമയത്തായിരുന്നു ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസിന്റെ ഉത്ഭവം. കെന്റില്‍ തുടങ്ങി ലണ്ടനിലാകെ വ്യാപിച്ച, ജനിതകഭേദം വന്ന പുതിയ ഇനം കൊറോണ വൈറസ് കുട്ടികളേയായിരിക്കും കൂടുതല്‍ ബാധിക്കുക എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈ വൈറസിനു തന്റെ മുന്‍ഗാമിയേക്കാള്‍ 56 ശതമാനം കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ പുതിയ വൈറസ്, തന്റെ മുന്‍ഗാമികളേക്കാള്‍ ഭീകരമായ രോഗാവസ്ഥ സൃഷ്ടിക്കും എന്ന് ഇവര്‍ വിശ്വസിക്കുന്നില്ല. അതേസമയം കുട്ടികളില്‍ ഇത് ചിലപ്പോള്‍ ചില കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വരുന്ന വസന്തകാലത്ത് ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിക്കുവാന്‍ ഈ വൈറസ് ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌കൂളുകള്‍ ജനുവരി 4 ന് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമെങ്കിലും മിക്ക കുട്ടികളും ജനുവരി 11 ഓടെ മാത്രമേ സ്‌കൂളുകളില്‍ എത്തുകയുള്ളു. ജി.സി.എസ്.ഇ, എ ലെവല്‍ വിദ്യാര്‍ത്ഥികളും അതുപോലെ അടിയന്തര സേവനവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികളും മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തുക. 7 മുതല്‍ 11 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഈ പുതിയ ഇനം വൈറസ് കൂടുതലായി വ്യാപിക്കുന്നതെന്ന് ഒഎന്‍എസിന്റെ പഠന റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മുകള്‍ ഭാഗത്തെ ശ്വസനനാളിയിലെ കോശങ്ങളില്‍ കണ്ടുവരുന്ന എസിഇ2 എന്ന റിസപ്റ്ററുകളില്‍ കൂടിയാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇത് പ്രായമാകും തോറും വര്‍ദ്ധിച്ചുവരുന്ന ഒന്നാണ്. കുട്ടികളില്‍ ഈ റിസപ്റ്ററുകള്‍ വളരെ കുറവായിരിക്കും എന്നതിനാലായിരുന്നു ഇതുവരെ കൊറോണ കുട്ടികളെ കാര്യമായി ആക്രമിക്കാതിരുന്നത്. എന്നാല്‍, പുതിയ തരം വൈറസ്, മനുഷ്യശരീരത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കുവാനുള്ള കഴിവ് നേടിയിരിക്കുന്നു. അതിനാല്‍ കുട്ടികളേയും കൂടുതലായി ബാധിക്കുന്നുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതേസമയം ബ്രിട്ടന് പുറമെ ജനിതകമാറ്റം സംഭവിച്ച പുതിയ മാരക വൈറസിന്റെ സാന്നിദ്ധ്യം സ്വീഡനിലും സ്‌പെയിനിലും സ്ഥിരീകരിച്ചിരിക്കുന്നു. അയര്‍ലന്‍ഡും ഫ്രാന്‍സും തങ്ങളുടെ രാജ്യങ്ങളില്‍ ഈ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനില്‍ പുതിയ വൈറസിന്റെ സാന്നിദ്ധ്യമുള്ള അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലി, ആസ്‌ട്രേലിയ, ജിബ്രാള്‍ട്ടര്‍, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറാസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പടര്‍ന്ന്, ജപ്പാനിലൂടെ ഏഷ്യന്‍ ഭൂഖണ്ഡത്തിലും തന്റെ സാന്നിദ്ധ്യമുറപ്പിച്ച, ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് ഇപ്പോള്‍ കാനഡയിലും എത്തിയിരിക്കുന്നു. ഈ വൈറസ് ഉള്‍പ്പെട്ട രണ്ട് പുതിയ കേസുകളാണ് ഇന്നലെ കനേഡിയന്‍ അധികാരികള്‍ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സര്‍വ്വവ്യാപിയാവുമോ എന്ന ഭീതിയാലാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍.

Related Articles

Back to top button