India

രോഗികൾക്ക് താങ്ങായിരുന്ന ഡോക്ടർ

“Manju”

രാജപാളയം: ഡോ.എസ്.ശിവസുബ്രഹ്മണ്യം ദിവംഗതനായിട്ട് ഇന്ന് നാല് വർഷം തികയുന്നു. ഗുരുവിന്റെ വത്സല ഭക്തനായിരുന്ന അദ്ദേഹം തന്റെ എളിയ പെരുമാറ്റം കൊണ്ട് ഏവർക്കും ഒരു മാതൃകയായിരുന്നു. 1949 ആഗസ്റ്റ് 28ന് തഞ്ചാവൂരിൽ ജനനം. അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫ.ഡോ.ശിവരാമൻ തഞ്ചാവൂർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ആയിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് മകനും ആതുര ശുശ്രൂഷ രംഗത്തേക്ക് കടന്നു വന്നു. എം.ബി.ബി.എസ്. ബിരുദത്തിനുശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് സ്വർണമെഡലോടെ എം.എസ്. കരസ്ഥമാക്കി.

ഗ്രാമീണ മേഖലയിൽ സേവനം ചെയ്യണമെന്ന അദമ്യമായ ആഗ്രഹം കൊണ്ട് ഡോ.ശിവസുബ്രഹ്മണ്യം ദളവായ്പുരത്തുള്ള ഒരു റൂറൽ ആശുപത്രിയിൽ ഏറെക്കാലം സേവനം ചെയ്തു. പിന്നീട് അവിടെത്തന്നെ ചെറിയ നിലയിൽ ഒരു ആശുപത്രി സ്വന്തമായി ആരംഭിച്ചു. 1980-ൽ അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം ആണ് ഈ ആശുപത്രി ഉദ്ഘാടനം ചെയ്തത്. പിന്നീട് ആ പ്രദേശത്തെ പ്രശസ്ത സ്ഥാപനമായി ഇത് വളർന്നു. കാർത്തിക് റൂറൽ സർജിക്കൽ സെന്റർ എന്ന പേരിൽ പ്രസിദ്ധമായ ഈ ആശുപത്രി കീ ഹോൾ സർജറി രംഗത്ത് അറിയപ്പെടുന്ന സ്ഥാപനമായിരുന്നു. തമിഴ്നാട്ടിൽ ഗ്രാമീണമേഖലയിൽ ആദ്യമായി കീഹോൾ സർജറി ചെയ്തത് ഈ ആശുപത്രിയിലാണ്. 3000ലധികം കീഹോൾ സർജറി ഇവിടെ നടന്നിട്ടുണ്ട്. റൂറൽ സർജൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹിയായിരുന്ന അദ്ദേഹം ലോകത്ത് വിവിധ ഭാഗങ്ങളിൽ നടന്ന മെഡിക്കൽ കോൺഫറൻസുകളിൽ പങ്കെടുത്തു വിഷയാവതരണം നടത്തിയിട്ടുണ്ട്.

1985 ൽ സുഹൃത്തും ഇപ്പോഴത്തെ ആശ്രമം ഓഡിറ്റിംഗ് കൺസൾട്ടന്റുമായ എം.മോഹൻ കുമാറിനോടൊപ്പം ആശ്രമത്തിലെത്തി. പുതുതായി വാങ്ങിയ ടാറ്റാ എസ്റ്റേറ്റ് വാഹനത്തിന്റെ ആദ്യ യാത്ര ശബരിമലയിലേക്ക് പോകാനായി നിശ്ചയിച്ചിരുന്നെങ്കിലും ആ യാത്ര എത്തിചേർന്നത് ശാന്തിഗിരി ആശ്രമത്തിൽ ആണ്. അന്നൊരു പൗർണമി ദിവസമായിരുന്നു. അടുത്ത ദിവസം വെളുപ്പിന് 4 മണി വരെ ഗുരുവിനെക്കുറിച്ച് ഗുരുജ്യോതിയിൽ ലയിച്ച സ്വാമി ജ്യോതിർമയ ജ്ഞാനതപസ്വി അദ്ദേഹത്തോട് സംസാരിച്ചു. രാവിലെ ഗുരുവിനെ കണ്ടു. പിന്നീട് അദ്ദേഹം ഒരു തികഞ്ഞ ഗുരുഭക്തനായി മാറി. ഗുരു എന്ന് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറയുകയും ഗുരുവിനെ കുറിച്ച് സംസാരിക്കുമ്പോൾ കണ്ഠമിടറുകയും ചെയ്യുമായിരുന്നു. മധുരൈയിലുള്ള ശാന്തിഗിരി ആശ്രമം ആണ്ടാർ കൊട്ടാരം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. മധുരൈ തീർത്ഥയാത്രാ വേളയിൽ അഭിവന്ദ്യ ശിഷ്യപൂജിത അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. 2017
ഒക്ടോബർ 4 ന് അദ്ദേഹം ദിവംഗതനായി.
ഭാര്യ കൽപന ശിവസുബ്രഹ്മണ്യം. ഡോ. കാർത്തിക് , ഡോ.കവിത എന്നിവരാണ് മക്കൾ. വള്ളി കാർത്തിക് , ഡോ. അഭിഷേക് എന്നിവരാണ് മരുമക്കൾ. ഡോ.ശിവസുബ്രഹ്മണ്യത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ശാന്തിഗിരി ന്യൂസിന്റെ പ്രണാമം.

Related Articles

Back to top button