IndiaLatest

വായുമലിനീകരണം കുറയ്‌ക്കാൻ അധിക സര്‍വീസുമായി ഡല്‍ഹി മെട്രോ

“Manju”

ന്യൂഡല്‍ഹി: ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാന്റെ (ജിആര്‍എപി) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നത തല യോഗം ചേര്‍ന്നതിന് തൊട്ടു പിന്നാലെ ട്രെയിൻ സര്‍വീസ് കൂട്ടാൻ ഒരുങ്ങി ഡല്‍ഹി മെട്രോ. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്റെ ഈ നീക്കം. ജിആര്‍എപിയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ വായു മലിനീകരണം കുറയ്‌ക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായി, 40 ലധികം അധിക ട്രെയിൻ സര്‍വീസുകളാണ് മെട്രോ ആരംഭിക്കുന്നത്. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. തിങ്കള്‍ മുതല്‍ വെള്ളി വരെയാകും അധിക സര്‍വീസുകള്‍ ഉണ്ടാവുക. പൊതുഗതാഗതം പ്രോത്സാഹിപ്പിച്ച്‌, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറയ്‌ക്കുക എന്നതാണ് ലക്ഷ്യം. ഇതുവഴി മലിനീകരണത്തിന്റെ തോത് ഒരു പരിധി വരെ കുറയ്‌ക്കാനാകും എന്നാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

രാജ്യതലസ്ഥാനത്തെ വായു മലിനീകരണ തോത് വളരെ മോശം എന്ന കാറ്റഗറിയിലാണ് ഇപ്പോള്‍ ഉള്ളത്. ഇത് കുറയ്‌ക്കുവാനുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍ ശൈത്യകാലം ശക്തിപ്പെട്ടാല്‍ മലിനീകരണ തോത് വര്‍ദ്ധിക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടാം ഘട്ടം ജിആര്‍എപി നടപ്പിലാക്കുന്നതിനായി വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാൻ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി എടുത്ത നടപടികളില്‍ ഒന്നാണ് പൊതുഗതാഗത ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നത്. മെട്രോകളുടെയും ബസുകളുടെയും സര്‍വീസ് വര്‍ദ്ധിപ്പിക്കാൻ ഡിഎംആര്‍സിക്കും ഗതാഗത വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button