Uncategorized

കേടായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കാം

“Manju”

എല്‍ ഇ ഡി ബള്‍ബുകള്‍ കേടായാല്‍ ഇനി വലിച്ചെറിയേണ്ട. എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഡ്രീം ലൈറ്റ് എല്‍ഇഡി ക്ലിനിക്കില്‍ എത്തിച്ചാല്‍ ബള്‍ബ് വീണ്ടും കത്തിക്കാം. കേടായ ബള്‍ബുകള്‍ വീണ്ടും പ്രകാശിപ്പിക്കാന്‍ മാത്രമല്ല പുതിയ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണവും ഇവിടെയുണ്ട്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ വരുമാനമുള്ള ഒരു തൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരായ അനിത പ്രമോദ്, ദീപാ ബാബു, രാധാ വേണുഗോപാല്‍, സൗമ്യ രതീഷ്, പ്രമീള ഗിരീഷ് എന്നീ അഞ്ച് വനിതകളാണ് എല്‍ഇഡി ക്ലിനിക്കിന് ചുക്കാന്‍ പിടിക്കുന്നത്. കേടായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കുന്നതിന് 20 രൂപ മുതലാണ് ചാര്‍ജ് ഈടാക്കുന്നത്. എല്‍..ഡി ട്യൂബ് ലൈറ്റ്, സീരിയല്‍ ബള്‍ബുകള്‍ എന്നിവയും ഇവിടെ നന്നാക്കും. കൂടാതെ ഒരു വര്‍ഷം ഗ്യാരണ്ടിയുള്ള എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും യഥാക്രമം 100 രൂപ, 200 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എല്‍ഇഡി നിര്‍മ്മാണ പരിശീലന പരിപാടിയില്‍ നിന്നാണ് ഇവര്‍ എല്‍ഇഡി നിര്‍മ്മാണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. വാടക കെട്ടിടത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. കുടുംബശ്രീ സിഡിഎസില്‍ നിന്നും സംരംഭക ലോണെടുത്താണ് എല്‍ഇഡി ക്ലിനിക് ആരംഭിച്ചത്. ആദ്യഘട്ടത്തെ അപേക്ഷിച്ച് നിര്‍മ്മാണ യൂണിറ്റും ക്ലിനിക്കും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങളെത്തിയത് മുതല്‍ ക്ലിനിക്ക് വഴിയും കുടുംബശ്രീ സ്റ്റാളുകള്‍ വഴിയും ബള്‍ബുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ എത്തിയെന്നും സംരംഭകരില്‍ ഒരാളായ അനിത പ്രമോദ് പറഞ്ഞു.

Related Articles

Check Also
Close
Back to top button