IndiaLatest

ഗോവ ചലച്ചിത്രമേള; ഇന്ത്യന്‍ പനോരമയില്‍ സിനിമകള്‍ ഇഷ്ടമുള്ള ഭാഷയില്‍ കാണാം

“Manju”

ന്യൂഡല്‍ഹി: 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ.)യിൽ ഇന്ത്യന്‍ പനോരമയിലെ തിരഞ്ഞെടുത്ത സിനിമകള്‍ ഇഷ്ടമുള്ള ഇന്ത്യന്‍ ഭാഷയിലെ ഡബ്ബിനൊപ്പം കാണാം. ‘സിനിഡബ്‌സ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സഹകരിച്ചാണ് ചലച്ചിത്രമേളയില്‍ ഈ സൗകര്യമൊരുക്കുന്നത്. സ്മാര്‍ട്ട്‌ഫോണും ഇയര്‍ഫോണുമുണ്ടെങ്കില്‍ തിയേറ്റര്‍ പ്രദര്‍ശനത്തിനൊപ്പം സ്വന്തം ഭാഷയില്‍ പടം കാണാനാകും. ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനമേര്‍പ്പെടുത്തുന്നത്. ആപ്പില്‍ ഡബ്ബ് ലഭ്യമായ ഭാഷകളില്‍ ഇന്ത്യ പനോരമയിലെ സിനിമകള്‍ ആസ്വദിക്കാനാകുമെന്ന് മേള ഡയറക്ടര്‍ പ്രധുല്‍ കുമാര്‍ പറഞ്ഞു. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഇക്കൊല്ലത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കും സിനിമാസ്വാദനത്തിന് ഇത്തവണ സൗകര്യമൊരുക്കുന്നുണ്ട്. കാഴ്ചപരിമിതര്‍ക്കായി പ്രത്യേക ശബ്ദ ലേഖനത്തോടെയും കേള്‍വി പരിമിതിയുള്ളവര്‍ക്കായി പ്രത്യേക ആംഗ്യഭാഷാ വിവരണത്തോടെയും രണ്ടു ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കി ചലച്ചിത്രമേളയെ മാറ്റുകയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ വന്ന മികച്ച വെബ്‌സീരീസിനുള്ള അവാര്‍ഡ് ഇത്തവണ മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളിലെ ഏഴ് പഴയ ക്ലാസിക്ക് സിനിമകള്‍ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് റീസ്‌റ്റോര്‍ ചെയ്ത് മേളയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ആജീവനാന്ത സംഭാവനകള്‍ക്കുള്ള സത്യജിത് റായ് പുരസ്‌കാരം ഹോളിവുഡ് നടന്‍ മൈക്കിള്‍ ഡഗ്ലസിന് സമ്മാനിക്കും.

270-ലേറെ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ മേളയിൽ പ്രദര്‍ശനത്തിനെത്തുന്നത്. ബ്രിട്ടീഷ് ചിത്രം ക്യാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. അമേരിക്കന്‍ സിനിമ ദി ഫെതര്‍വെയ്റ്റ് സമാപന ചിത്രവുമായിരിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 45 ചിത്രങ്ങളുണ്ട്. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’, ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഉൾപ്പടെയുള്ള മലയാള ചിത്രങ്ങൾ പട്ടികയിലുണ്ട്. ജിയോ ബേബിയാണ് കാതൽ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധായകൻ.

മലയാള സിനിമയായ ‘ആട്ടം’ ആണ് ഇന്ത്യൻ പനോരമയിലെ ഉ​ദ്ഘാടന ചിത്രം. ആനന്ദ് ഏകർഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’, ​ഗണേഷ് രാജിന്റെ ‘പൂക്കാലം’ എന്നിവയും മുഖ്യധാരാ സിനിമയിൽ ജൂഡ് ആന്തണി ഒരുക്കിയ 2018 ഉം ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി. നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത ‘ശ്രീ രുദ്രം’ ഇടം നേടി.

ഹിന്ദിയിൽ നിന്ന് വിവേക് അ​ഗ്നിഹോത്രിയുടെ ‘വാക്സിൻ വാർ’, സുദീപ്തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ എന്നീ ശ്രദ്ധേയ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്. തമിഴിൽ നിന്നും വെട്രിമാരന്റെ ‘വിടുതലെെ’യും മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ 2’ഉം പ്രദർശിപ്പിക്കുന്നുണ്ട്.

Related Articles

Back to top button