KeralaKozhikodeLatest

പൊന്നില്ലാതൊരു വിവാഹം; മാതൃകയായി അഖിലേഷും അര്‍ച്ചനയും

“Manju”

കോഴിക്കോട് : പൊന്നില്‍ മിന്നുന്ന പരമ്പരാഗത വിവാഹ സങ്കല്‍പങ്ങളെ മാറ്റി മറിച്ചിരിക്കുകയാണ് കോഴിക്കോടുകാരായ അഖിലേഷും അര്‍ച്ചനയും. വ്യാഴാഴ്ച കൈവേലിയില്‍ വച്ചായിരുന്നു അഖിലേഷിന്റെയും അര്‍ച്ചനയുടെയും വിവാഹം. മടപ്പള്ളി പുളിയേരീന്‍റവിട സുരേഷ്ബാബുവിന്റെയും ജയശ്രീയുടെയും മകനാണ് അഖിലേഷ്. കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകളാണ് അര്‍ച്ചന. ഒരു തരി സ്വര്‍ണം പോലും ഇല്ലാതെയായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹത്തിന് ഒരു തരി പോലും സ്വര്‍ണം വേണ്ടെന്ന് ഇരുവരും ഒരുമിച്ച്‌ തീരുമാനമെടുക്കുകയായിരുന്നു. താലിമാലയോ വിവാഹ മോതിരമോ ഒന്നും വേണ്ടെന്നും തീരുമാനിച്ചു. തുടക്കത്തില്‍ വീടുകളില്‍ കുറച്ച്‌ എതിര്‍പ്പുകളുണ്ടായെങ്കിലും ഒടുവില്‍ ഇരുവീട്ടുകാരും മക്കളുടെ ഇഷ്ടത്തിന് സമ്മതം മൂളി.
15-ഓളം പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇരുവരും പൂവ് കൊണ്ടുള്ള മാല ചാര്‍ത്തിയും ബൊക്കെ കൈമാറുകയുമാണ് ചെയ്തത്. ഇതോടെ കല്യാണ ചടങ്ങുകള്‍ അവസാനിച്ചു. ഏപ്രില്‍ 25-നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോള്‍ വിവാഹം നീണ്ടുപോവുകയായിരുന്നു. ബി.ടെക് ബിരുദധാരിയും സിവില്‍ എന്‍ജിനിയറുമാണ് അഖിലേഷ്. അര്‍ച്ചന എം.ടെക് കാരിയാണ്.

Related Articles

Back to top button