KeralaLatest

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സയ്ക്കു മുന്‍പ് കോവിഡ് പരിശോധന നടത്തില്ല

“Manju”

കൊല്ലം: മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സയ്ക്കു മുന്‍പ് ഇനി മുതല്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല. പനിലക്ഷണങ്ങളുള്ളവര്‍ മാത്രം ഇനി പരിശോധനയ്ക്കു വിധേയരായാല്‍ മതി. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്നവരില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ സ്രവപരിശോധന നിര്‍ബന്ധമില്ല.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെയുള്ള എല്ലാ ആശുപത്രികളിലും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സക്കായി എത്തുന്നവരില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് ചികിത്സ ഉറപ്പാക്കും. കോവിഡ്, കോവിഡ് ഇതര രോഗികള്‍ക്ക് സമാന്തരമായിത്തന്നെ ചികിത്സാസൗകര്യമൊരുക്കാനാണ് നിര്‍ദേശം. കോവിഡ് പോസിറ്റീവായ ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യരുത്. കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ പ്രസവം അതത് ആശുപത്രികളില്‍ത്തന്നെ നടത്തണം. ഒരു തീയേറ്റര്‍ മാത്രമുള്ള ആശുപത്രികളില്‍ പ്രസവശസ്ത്രക്രിയക്കെത്തുന്ന കോവിഡ് ബാധിച്ച ഗര്‍ഭിണികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാം. എന്നാല്‍ പ്രസവവേദനയുമായി എത്തുന്നവരെ ഒരുകാരണവശാലും മറ്റ് ആശുപത്രികളിലേക്ക് അയക്കരുത്.

കിടത്തിച്ചികിത്സയിലുള്ളവരുടെ കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്രവപരിശോധന നിര്‍ബന്ധമല്ലെന്നു ആരോഗ്യവകുപ്പ് നേരത്തേ ഇറക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ചില സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധപൂര്‍വം സ്രവപരിശോധന തുടരുന്നതായി പരാതിയുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ സംസ്ഥാനത്ത് കോവിഡ് സ്രവപരിശോധന ആറിലൊന്നായി കുറഞ്ഞു. വിദേശങ്ങളിലേക്ക് പോകുന്നവരും തീവ്ര പനിലക്ഷണങ്ങളുള്ളവരും മാത്രമാണ് ഇപ്പോള്‍ സ്രവപരിശോധന നടത്തുന്നത്.

Related Articles

Back to top button