KeralaLatest

കുതിച്ചുയര്‍ന്ന് പച്ചക്കറിവില

“Manju”

കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നുള്ള ലോഡ് വരവ് കുറയുക കൂടി ചെയ്തതോടെ പച്ചക്കറിവില ഓരോ ദിവസവും കുതിച്ചുയരുമ്പോള്‍ അടുക്കളയില്‍ വീട്ടമ്മമാരുടെ ആധിയും തിളച്ചുപൊങ്ങുകയാണ്.
ഒട്ടുമിക്ക പച്ചക്കറി ഇനങ്ങള്‍ക്കും ഇരട്ടിയിലധികം വില ഉയര്‍ന്നിരിക്കുകയാണ്. കിലോഗ്രാമിന് 20 രൂപയുണ്ടായിരുന്ന തക്കാളിയ്ക്ക് രണ്ടാഴ്ചയ്ക്കിടെ 55 രൂപയായി. 60 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായയുടെ നിരക്ക് 120 വരെയെത്തി. 30 രൂപയുണ്ടായിരുന്ന സവാള വില 45 രൂപയായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിന് അഞ്ച് രൂപയോളം കൂടി. മുളക്, പയര്‍ എന്നിവയ്ക്കെല്ലാം വില മുന്നോട്ടു തന്നെ. വില വര്‍ദ്ധിക്കുന്നതിനിടെ കച്ചവടവും കാര്യമായി കുറയുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. കുറഞ്ഞ അളവിലാണ് കൂടുതല്‍ ആളുകളും ഇപ്പോള്‍ പച്ചക്കറി വാങ്ങിക്കുന്നത്.
തമിഴ്നാട്ടിലെ പെരുമഴ പച്ചക്കറി വില പ്രകടമായി കൂടാനിടയാക്കിയിട്ടുണ്ട്. കടത്തുകൂലി വര്‍ദ്ധിച്ചതും പലതിനും വില ഉയരാന്‍ കാരണമായി. ഇന്ധനവില നൂറു കടന്ന് കുതിച്ചുയരുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇളവില്‍ ചെറിയൊരു ആശ്വാസം വന്നെങ്കിലും കടത്തുചെലവ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഏറെ കൂടിയെന്ന ന്യായമാണ് വണ്ടിക്കാരുടേത്.
തോരാമഴയില്‍ വലിയ കൃഷിനാശമാണ് തമിഴ്നാട്ടിലുണ്ടായത്. പച്ചക്കായ അടക്കം അവിടെ നിന്നു പതിവായി എത്തുന്ന ഇനങ്ങളുടെ വരവ് നന്നേ കുറഞ്ഞിരിക്കുകയാണ്.
സാധാരണ മണ്ഡലകാലത്ത് സംസ്ഥാനത്ത് പൊതുവെ പച്ചക്കറിയ്ക്ക് വില ഉയരാറുണ്ട്. ഇനി ആ വിലക്കയറ്റം കൂടിയാവുമ്പോള്‍ കൂടുതല്‍ ഡിമാന്‍ഡുള്ള ഇനങ്ങള്‍ തൊട്ടാല്‍ പൊള്ളുമെന്ന അവസ്ഥയിലേക്കെത്തും.
അടിയ്ക്കടിയുള്ള പാചകവാതകവില വര്‍ദ്ധനവ് താങ്ങാനാവാതെ പൊറുതിമുട്ടുന്ന സാധാരണക്കാര്‍‌ക്ക് പച്ചക്കറി വിലക്കയറ്റം ഇരുട്ടടി പോലെയായിരിക്കുകയാണ്. ഇങ്ങനെ വില കൂടുകയാണെങ്കില്‍ പതിവായി വാങ്ങുന്ന പലതും ഒഴിവാക്കേണ്ടി വരുമെന്ന് ഇടത്തരക്കാര്‍ പോലും പറയുന്നു.
 ഹോട്ടലുകാര്‍ വിഷമത്തില്‍
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന് വില വല്ലാതെ വര്‍ദ്ധിച്ചതിനൊപ്പം പച്ചക്കറി ഇനങ്ങള്‍ക്ക് കൂടി വില കൂടുന്നത് ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത തിരിച്ചടിയായി. പച്ചക്കറി വിഭവങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുന്ന കാലത്തെ വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തിന്റെ നടു ഒടിക്കുകയാണെന്നു ഉടമകള്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ വിഭവങ്ങള്‍ക്ക് വില കൂട്ടാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും ഉടമകള്‍
കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പച്ചക്കറി നിരക്ക് (കിലോഗ്രാമിന്)
തക്കാളി – 55 രൂപ
സവാള – 45 രൂപ
ഉരുളക്കിഴങ്ങ് – 38 രൂപ
മുരിങ്ങക്കായ – 120 രൂപ
മുളക് – 50 രൂപ
പയര്‍ – 70 രൂപ
വെണ്ട – 65 രൂപ
കാരറ്ര് – 75 രൂപ
കൈപ്പ – 60 രൂപ
കാബേജ് – 32 രൂപ
വഴുതിന – 50 രൂപ
വെള്ളരി – 30 രൂപ

Related Articles

Back to top button