IndiaLatest

ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഇൻസെന്റീവ്

“Manju”

ലക്നൗ: ഉത്സവ സീസണ്‍ പ്രമാണിച്ച്‌ ഉത്തര്‍പ്രദേശ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനിലെ( യുപിആര്‍ടിസി) തൊഴിലാളികള്‍ക്ക് പ്രത്യേക ഇൻസെന്റീവ് തുക അനുവദിച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ദീപാവലി, ഛാത്ത് ഉത്സവങ്ങള്‍ കണക്കിലെടുത്ത് നവംബര്‍ 10 നും നവംബര്‍ 20 നും ഇടയില്‍ സംസ്ഥാനത്ത് കൂടുതല്‍ ബസുകള്‍ ഓടിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കാലയളവില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഇൻസെന്റീവ് തുക പ്രഖ്യാപിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.

ഉത്സവ സീസണില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അധിക വേതനമായി 3500 മുതല്‍ 10,000 വരെയാണ് ലഭിക്കുക. ദീപാവലി, ഭയ്യാ ദൂജ്, ഛത്ത് തുടങ്ങിയ ഉത്സവ ദിനങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ഓഫീസര്‍മാര്‍ എന്നിവര്‍ അവധിയെടുക്കാതെ സേവനത്തിന് തയ്യാറാകണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ദിപാവലിയും അനുബന്ധ ഉത്സവങ്ങളും അതിവിപുലമായാണ് യുപിയില്‍ ആഘോഷിക്കുന്നത്. ഈ സമയത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വീടുകളിലേക്ക് പോകുകയും അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യുന്നു. അതിനാല്‍ ബസുകളിലും ട്രെയിനുകളിലും ക്രമാതീതമായ തിരക്ക് അനുഭവപ്പെടും. ഇതിന് പരിഹാരമായാണ് സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയത്, ഒപ്പം ജീവനക്കാരുടെ മുഴുവൻ സമയ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്

Related Articles

Back to top button