KeralaLatest

അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാലു മുതൽ

“Manju”

സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവീസുകൾ ജൂൺ നാലു മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ ഇപ്പോൾ സർവീസ് നടത്തില്ല. ആകെ 11 ബോട്ടുകൾ രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് അന്തർ ജില്ലാ സർവീസുകളും ബാക്കി 42 ബോട്ടുകൾ ജില്ലയ്ക്ക് അകത്തും സർവീസ് നടത്തും.

ലോക്ഡൗണിന് മുൻപ് ആകെ 748 സർവീസാണ് നടത്തിയിരുന്നത്. എന്നാൽ യാത്രാസമയം രാവിലെ അഞ്ചുമുതൽ രാത്രി ഒൻപതുവരെ പരിമിതപ്പെടുത്തിയതിനാൽ സർവീസുകളിൽ നേരത്തെ നടത്തിയിരുന്നതിനേക്കാൾ കുറവ് വരും.അന്തർ ജില്ലാ സർവീസുകളായി വൈക്കത്തു നിന്ന് നാല്, മുഹമ്മ-കുമരകം-മൂന്ന്, കോട്ടയം-ആലപ്പുഴ-മൂന്ന്, കണ്ണൂർ-കാസർകോഡ്- ഒന്ന് എന്നിങ്ങനെ ബോട്ടുകൾ സർവീസ് നടത്തും.

യാത്രക്കാർ മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഹോട്ട് സ്‌പോട്ടുകൾ, കണ്ടെയ്ൻമെന്‍റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. എല്ലാ സുരക്ഷ നടപടികളും ഉറപ്പുവരുത്താൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button