KannurKeralaLatest

”ജയം എത്ര സഖാക്കളെ കണ്ടതാണ്.. സഖാക്കള്‍ എത്ര തോല്‍വിയെ കണ്ടതാണ്”, നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്

“Manju”

കണ്ണൂര്‍: ഇത്രയും നിര്‍ണായകമായൊരു തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ചങ്കിടിപ്പേറുകയാണ്. അതിനിടെ വോട്ടെണ്ണലിനെ കുറിച്ച്‌ നടന്‍ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇടതുപക്ഷ അനുഭാവം സോഷ്യല്‍ മീഡിയ പേജിലൂടെ തുറന്ന് പ്രകടിപ്പിക്കുന്ന താരമാണ് ഹരീഷ് പേരടി. ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷകളെ കുറിച്ചുളള കുറിപ്പാണ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ” തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും 941 പഞ്ചായത്തുകളിലും അവിടുത്തെ ഏല്ലാ വാര്‍ഡുകളിലും ഈ കൊടി ഇങ്ങിനെ പാറി കളിക്കും… ജനങ്ങളുടെ പ്രശ്നങ്ങളും തലയില്‍ പേറി.. പാവപ്പെട്ട മനുഷ്യര്‍ക്കുള്ള പൊതി ചോറുമായി കൂറെ സഖാക്കളും.. ജയം എത്ര സഖാക്കളെ കണ്ടതാണ്..സഖാക്കള്‍ എത്ര തോല്‍വിയെ കണ്ടതാണ്..”
വിവാദങ്ങളിലും പ്രതിസന്ധികളിലും മൂക്കറ്റം മുങ്ങി നിന്നുകൊണ്ടാണ് ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും ബിനീഷ് കോടിയേരിയുടെ അറസ്റ്റും കിഫ്ബിയും അടക്കം വിവാദങ്ങള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും വന്ന് മൂടി. പ്രതിപക്ഷത്ത് ബിജെപിയും കോണ്‍ഗ്രസും പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് ആക്രമണം കടുപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തി വ്യാപക പ്രചാരണം തന്നെ നടന്നു.
എന്നാല്‍ ഇടത് പക്ഷത്തിന്റെ പ്രധാന ആയുധം പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളായിരുന്നു. ലൈഫ് മിഷനിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വീട് നല്‍കിയതും സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും അടക്കമുളളവ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചത്. മാത്രമല്ല കൊവിഡ് മഹാമാരിയെ മികച്ച രീതിയില്‍ സര്‍ക്കാര്‍ നേരിട്ടതും ഇടത് പക്ഷം ഉയര്‍ത്തിക്കാട്ടി. കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി ഭക്ഷ്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യാനായതും സര്‍ക്കാരിന് പ്ലസ് പോയിന്റായി.

Related Articles

Back to top button