Uncategorized

പെരുകുന്ന ചെഞ്ചെവിയന്‍ ആമയും ആശങ്കകളും

“Manju”

 

ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഭീഷണിയായി ചെഞ്ചെവിയന്‍ ആമകള്‍ നാട്ടില്‍ വ്യാപകമാകുന്നു. നല്ല ഭംഗിയുള്ള ആമകള്‍ക്ക് മഞ്ഞയും പച്ചയും നിറങ്ങളാണ്. കണ്ണിനു പിറകിലെ ചുവന്നവരകളാണ് ഇവയെ ചെഞ്ചെവിയന്‍ എന്നു വിളിക്കാന്‍ കാരണം. അമേരിക്കപോലുള്ള ചില വിദേശ രാജ്യങ്ങളില്‍ പെറ്റായി വളര്‍ത്തിയിരുന്നവയാണിത്. ഇന്ത്യയിലേക്ക് എത്തിയതും ഇത്തരത്തില്‍ തന്നെയാണ്. വീട്ടില്‍ വളര്‍ത്താനായി പലരും വിദേശങ്ങളില്‍ നിന്നെത്തിക്കുകയും മറ്റുള്ളവരില്‍ നിന്ന് വാങ്ങിക്കുകയും ചെയ്ത ഈ ആമ ഇന്ത്യയില്‍ സംരക്ഷിത വന്യജീവി ഇനത്തില്‍പ്പെട്ടവയല്ല. 2018ലെ പ്രളയത്തോടെയാകാം ഇവ സംസ്ഥാനത്തെ ജലാശയങ്ങളിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസവും മലങ്കര ജലാശയത്തില്‍ നിന്ന് ഇത്തരം ആമയെ കിട്ടി. മീന്‍പിടിക്കാന്‍ കെട്ടിയിട്ടിരുന്ന വലയിലാണ് ആമ കുടുങ്ങിയത്. മുമ്ബും മലങ്കര ജലാശയത്തില്‍ നിന്ന് ഇവയെ കിട്ടിയിരുന്നു. കാഴ്ചയില്‍ അതിമനോഹരമാണെങ്കിലും ജലാശയത്തിലെ മറ്റ് ജീവജാലങ്ങള്‍ക്ക് ഇവ മാരകമായ ദോഷം വരുത്തും. സാല്‍മൊണല്ല ബാക്ടീരിയയുടെ വാഹകരായ ഇവ മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്നവയുമാണ്. ജലത്തില്‍ അതിവേഗത്തില്‍ പെരുകി സസ്യജന്തുജാലങ്ങളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. മെക്‌സിക്കന്‍ വംശജനാണ് ചെഞ്ചെവിയന്‍ ആമ. വീടുകളിലും അക്വേറിയങ്ങളിലും ഇവയെ വളര്‍ത്താറുണ്ട്. ചെറുതായിരിക്കുമ്ബോള്‍ കൈവിരലിന്റെ അത്രമാത്രം വലിപ്പമുള്ള ചെഞ്ചെവിയന്‍ ആമ ചുരുങ്ങിയ കാലം കൊണ്ട് വലിപ്പം വയ്ക്കും. അതോടെ ആളുകള്‍ അവയെ തോട്ടിലോ കിണറ്റിലോ ഉപേക്ഷിക്കാറാണ് പതിവ്. ഭക്ഷണമായി ഉപയോഗിക്കാത്തതിനാല്‍ ഇവ ദീര്‍ഘകാലം ജീവിക്കുകയും അനേകം കുഞ്ഞുങ്ങള്‍ക്ക് ജന്മമേകുകയും ചെയ്യും. നമ്മുടെ ജലാശയങ്ങള്‍ കീഴടക്കാന്‍ ചെഞ്ചെവിയന് അധിക കാലം വേണ്ടിവരില്ല. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ നാടന്‍ ആമകള്‍ക്ക് പകരം ചെഞ്ചെവിയന്‍ ആമകള്‍ നിറയും. ജലത്തിലെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും നാടന്‍ ആമകള്‍ക്കും മത്സ്യങ്ങള്‍ക്കും തവളകള്‍ക്കുമെല്ലാം ഇവന്‍ ഭീഷണിയാണ്.

കുട്ടികള്‍ക്കടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഈ ആമ വര്‍ഗ്ഗത്തെ മിക്ക രാജ്യങ്ങളും നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അമേരിക്കയില്‍ ഇവയുടെ വില്‌പനയും നിരോധിച്ചത്. ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂര്‍, മലേഷ്യയില്‍ പോലും ഇവയുടെ കച്ചവടം വലിയ തോതില്‍ നടക്കുന്നുണ്ടെന്നാണ് നിഗമനം. കണ്ടുതുടങ്ങിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ ഇന്ത്യയില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. 2012ല്‍ തൃശ്ശൂര്‍ മൃഗശാലയില്‍ ഇവയുടെ മുട്ട വിരിഞ്ഞത് വാര്‍ത്തയായിരുന്നു. 2020ലും ഇവയെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള ജലാശയങ്ങളിലുംകണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021ല്‍ തൃശ്ശൂര്‍ കാളതോട് ഭാഗത്തുനിന്നും ചൂണ്ടയിട്ട കുട്ടികള്‍ക്ക് ഇവയെ ലഭിച്ചിരുന്നു. മലങ്കര ഡാം, കോഴിക്കോട് തിരുവാച്ചിറ എന്ന തടാകത്തില്‍ ആറ് ചെഞ്ചെവിയന്‍ ആമകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇവ തടാകത്തില്‍ എത്തിപ്പെട്ടതെന്നത് ഇപ്പോഴും ദുരൂഹമാണ്.

മാസങ്ങള്‍ക്ക് മുമ്ബ് വയനാട് റേഞ്ച് ഓഫീസില്‍ നിന്നും ചെഞ്ചെവിയന്‍ ആമകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടകളില്‍ നിന്നോ മറ്റോ വാങ്ങുമ്ബോള്‍ മൂന്നിഞ്ച് മാത്രം വലിപ്പമേ ഇവയ്ക്കുണ്ടാകൂ. മൂന്നോ നാലോ വര്‍ഷത്തിന് ശേഷം വലിപ്പം പതിന്മടങ്ങാകുന്നു. അതോടെ ഇവയെ വാങ്ങുന്നവര്‍ക്ക് പോറ്റാനുള്ള താത്പര്യം നഷ്ടപ്പെടും. അക്വേറിയങ്ങളില്‍ കൊള്ളാന്‍ പറ്റാത്തവിധം വലിപ്പം വയ്ക്കുമ്ബോള്‍ ഉടമകള്‍ ചെഞ്ചെവിയന്‍ ആമകളെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് വ്യാപനതോത് കൂടാന്‍ കാരണം. ജലാശയങ്ങളില്‍ എത്തുമ്ബോള്‍ അധിനിവേശ സ്വഭാവമുള്ള ഇവയ്ക്ക് നദികളിലെ ആവാസവ്യവസ്ഥ താറുമാറാക്കാന്‍ കഴിയും. നാടന്‍ ആമകള്‍ക്കാണ് ഇവ അധികവും ദോഷം ചെയ്യുക. ആഹാരം തേടലില്‍ നാടന്‍ ആമകളെക്കാള്‍ മുന്‍പന്തിയിലാണ് ഇവയുടെ സാന്നിദ്ധ്യം. പുറംരാജ്യങ്ങളില്‍ കൂടുതല്‍ പഠനങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ തനത് ജീവജാലങ്ങളുമായി കടുത്ത മത്സരത്തിലേര്‍പ്പെടുന്ന ഇവയ്ക്ക് ഭക്ഷ്യശൃംഖലയെ തകിടം മറിക്കാനും സാധിക്കും. ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കഴിവ് ഇവിടെ ഇവയുടെ നിലനില്പിന് അനുകൂലഘടകമാണ്. ഇത്തരത്തില്‍ പൊരുത്തപ്പെടുന്നതിനാല്‍ പ്രത്യുത്പാദനം അതിവേഗത്തിലായിരിക്കും.

ജലാശയങ്ങളെ കേന്ദ്രീകരിച്ച്‌ പ്രത്യുത്പാദനമെന്നതിനാല്‍ നിരീക്ഷണം സാദ്ധ്യമല്ലന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എണ്ണം കൂടുന്നത് ആവാസവ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും. എങ്ങനെ തടയാം പ്രായമാകുമ്ബോഴോ രൂപഭംഗി നഷ്ടപ്പെടുമ്ബോഴോ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതാണ് പ്രധാന പ്രശ്‌നം. വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവും ശുശ്രൂഷയും ഉടമസ്ഥര്‍ ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടതെന്ന് അധികൃതര്‍ പറയുന്നു. അധിനിവേശ വിഭാഗങ്ങള്‍ മൂലം നാടന്‍ ഇനങ്ങള്‍ പൂര്‍ണമായും ആവാസവ്യവസ്ഥയില്‍ നിന്ന് മറയുന്ന അവസ്ഥയാണുള്ളത്. മഴക്കാലം കഴിയുമ്ബോഴേക്കും വീട്ടില്‍ വളര്‍ത്തുന്നവ കൂടുതലായി ജലാശയങ്ങളിലെത്താനുള്ള സാധ്യതയുണ്ട്. അധിനിവേശങ്ങളുടെ പ്രഥമ കണ്ണിയെ തന്നെ ഇല്ലാതാക്കുകയാണ് പോംവഴി. ആമകളെ തുറസ്സായ ജലാശയങ്ങളുടെ സമീപത്തും മറ്റും ഉപേക്ഷിക്കുന്നത് തടയുന്നത് വഴി ചെഞ്ചെവിയന്‍ ആമകളുടെ വ്യാപനം ഇല്ലാതാക്കാം. അധിനിവേശ ജീവികളെ കുറിച്ചും അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ചുമുള്ള ബോധവത്കരണം അനിവാര്യമാണ്. വളര്‍ത്തുമൃഗ വ്യവസായവും അത് വഴിയുള്ള ജീവികളുടെ അധിനിവേശവും തടയുന്നതിന് ആവശ്യമായ ശക്തമായ നിയമ സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിര്‍‌ദ്ദേശം.

Related Articles

Back to top button