KeralaLatest

ആളും ആരവങ്ങളുമില്ലാതെ ഓഡിറ്റോറിയങ്ങൾ

“Manju”

അനൂപ് എം. സി.

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ആഘോഷപൂർവ്വമായ പരിപാടികൾക്ക് നിയന്ത്രണം വന്നതോടെ ജില്ലയിലെ മുഴുവൻ ഓഡിറ്റോറിയങ്ങളും അടച്ചിട്ട നിലയിലാണ്. ഇതോടെ ഇവയെ ബന്ധപ്പെട്ട് ജീവിക്കുന്നവരും പ്രതിസന്ധിയിലായി.

ഭൂരിഭാഗം വിവാഹങ്ങൾക്കും തിയ്യതി കുറിക്കുന്നത് ഓഡിറ്റോറിയങ്ങളിലെ ഒഴിവുകൾക്കനുസരിച്ചാവും. ഒരേ സമയം 2000ത്തിലധികം ആളുകൾക്ക് വിവാഹ ചടങ്ങുകൾക്ക് ഒരുമിച്ച് പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് ഓഡിറ്റോറിയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഹാൾ, ഭക്ഷണ മുറി, അടുക്കള, കവാട അലങ്കാരം, വാഹന പാർക്കിംങ്, തുടങ്ങി ഒറ്റ മുതൽ മുടക്കിൽ എല്ലാം റെഡിയായിരുന്നു ഇവിടെ. പക്ഷെ ഇന്ന് കാഴ്ച മാറി. കൊവിഡ് 19 എന്ന മഹാമാരി തീർത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് ഓഡിറ്റോറിയവും അതിനെ ബന്ധപ്പെട്ട് ജീവിച്ചവരും. മാർച്ച് മാസം പകുതിയോടെ അടച്ചിട്ടതാണ് ജില്ലയിലെ ഓഡിറ്റോറിയങ്ങൾ. കൊവിഡ് വ്യാപന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ആഘോഷങ്ങൾ ചുരുക്കിയതോടെ ഈ ഹാളുകൾ ശൂന്യമാണ്. മാർച്ച് മുതൽ ബുക്കിംഗ് കാൻസലായി തുടങ്ങി. 4 മാസമായി ഇവ അടച്ചിട്ട നിലയിലാണ്. ജോലിക്കാരുടെ ശമ്പളം, വൈദ്യുത ജല ബില്ലുകൾ, മറ്റ് അറ്റകുറ്റ പ്രവൃത്തികൾ, അങ്ങനെ വലിയ നഷ്ടമാണ് ഓഡിറ്റോറിയം ഉടമകൾക്ക് ഉണ്ടായിരിക്കുന്നതെന്ന് കെ ശ്രീധരൻ പറഞ്ഞു.

ഓഡിറ്റോറിയത്തിൽ ഭക്ഷണ പാചകത്തിനും വിളമ്പലിനും വേദി അലങ്കരിക്കാനും എത്തിയവർ ഉൾപ്പടെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. വിവാഹങ്ങൾക്ക് പുറമേ രാഷ്ട്രീയ സാംസ്ക്കാരിക പരിപാടികൾക്കും ഓഡിറ്റോറിയങ്ങൾ വേദിയാവാറുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം പരിപാടികളും നാക്കാറില്ലാത്തതിനാൽ തീർത്തും അടച്ചുപൂട്ടൽ ഭീഷണിയിലാണ് ഉടമകൾ. എന്ന് തുറന്ന് പ്രവർത്തിക്കാൻ കഴിയും എന്നതിനെക്കുറിച്ച് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇവർക്ക് യാതൊരു വ്യക്തതയും നൽകിയിട്ടില്ല. മറ്റു മേഖലയിലേതിന് സമാനം തന്നെയാണ് ഇവർക്കും കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധി. ഇതിൽ നിന്നെല്ലാം എന്ന് കരകയറുമെന്ന് ഇവർക്കും നിശ്ചയമില്ല.

 

Related Articles

Back to top button