KeralaLatest

പക്ഷികളുടെയും ഭീമന്‍ ആമകളുടെയും സംരക്ഷണം ചര്‍ച്ചയായി എന്റെ കേരളം മേളയുടെ സെമിനാര്‍ വേദി

“Manju”

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരള വനം വന്യജീവി വകുപ്പ് കാസര്‍കോട് വനവത്കരണ വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി വി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ നിയമം ഇന്ത്യയില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ജില്ലയില്‍ പരിസ്ഥിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷികളുടെ ആവാസ വ്യവസ്ഥയും സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ കാസര്‍കോട് ബേര്‍ഡേഴ്‌സ് കൂട്ടായ്മ സ്ഥാപകന്‍ മാക്‌സിം റോഡ്രിഗസും , കാസര്‍കോട് ജില്ലയിലെ ഭീമനാമകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് നന്ദന്‍ വിജയ കുമാറും ക്ലാസെടുത്തു.
ജില്ലയില്‍ പുതുതായി കണ്ടെത്തിയ പക്ഷികളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും മാക്‌സിം റോഡ്രിഗസ് വിശദീകരിച്ചു. ജില്ലയില്‍ പക്ഷികളുടെ സംരക്ഷണത്തിനായും നീരീക്ഷണത്തിനായും പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ബേര്‍ഡേഴ്‌സ് കൂട്ടായ്മയുടെ സ്ഥാപകനാണ് മാക്‌സിം റോഡ്രിഗസ്.
ജില്ലയില്‍ അടുത്ത കാലങ്ങളില്‍ കണ്ടെത്തിയ പെയിന്റഡ് ബുഷ് ക്യുയില്‍, റെഡ് അവഡവാറ്റ്, റെഡ് ഫൂട്ടട് ബൂബി, യൂറോപ്യന്‍ ഹണി ബസാര്‍ഡ് തുടങ്ങി വിവിധ ഇനം പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ സെമിനാറില് പങ്കെടുത്തവര്‍ക്ക് പുത്തന്‍ അനുഭവമായി. ജില്ലയില്‍ ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തിയ ഭീമന്‍ ആമകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ നന്ദന്‍ വിജയകുമാര്‍ സെമിനാറില്‍ വിശദീകരിച്ചു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭീമന്‍ ആമകളെ കണ്ടെത്തിയത് ചന്ദ്രഗിരിപ്പുഴയിലാണ് 15 എണ്ണം. അതുകൊണ്ട് തന്നെ ഇവയുടെ സംരക്ഷണം അതീവ പ്രാധാന്യം നിറഞ്ഞതാണ്. പുഴ കയ്യേറ്റം, മണല്‍ വാരല്‍ തുടങ്ങിയവ കാരണം ആമകളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി ധനേഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി അരുണേഷ് നന്ദിയും പറഞ്ഞു.

Related Articles

Back to top button