IndiaLatest

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷന്‍ ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

മുംബൈ: ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനായി 141-ാമത് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷൻ 14-ന് മുംബൈയില്‍ ചേരും. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടക്കുന്ന സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങളുടെ പ്രധാന യോഗത്തിനാണ് മുംബൈ വേദിയാകുന്നത്.

ആഗോള സഹകരണം വളര്‍ത്തുന്നതിനും കായിക മികവ് ആഘോഷിക്കുന്നതിനും ഐഒസി വേദിയാകും. സൗഹൃദം, ബഹുമാനം, മികവ് എന്നീ ഒളിമ്പിക് ആദര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിനുമുള്ള രാജ്യത്തിന്റെ സമര്‍പ്പണത്തെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയില്‍ നടക്കുന്ന ഐഒസി സെഷൻ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചും ഐഒസിയിലെ മറ്റ് അംഗങ്ങളും ഇന്ത്യൻ കായിക രംഗത്തെ പ്രമുഖരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഉള്‍പ്പെടെയുള്ള വിവിധ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും സെഷനില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇത് രണ്ടാം തവണയാണ് ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളാണ് ഐഒസി സെഷനില്‍ കൈക്കൊള്ളുന്നത്. ഇതിന് മുൻപ് 1983-ല്‍ ഡല്‍ഹിയിലാണ് ഇന്ത്യയില്‍ ഐഒസിയുടെ സെഷൻ നടന്നത്. ഐഒസിയുടെ 86-ാം സെഷനായിരുന്നു അത്.

Related Articles

Back to top button