IndiaLatest

ട്രൈബ്‌സ് ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ്-ഇ- മാര്‍ക്കറ്റ്പ്ലേസില്‍ ലഭ്യമാക്കുന്ന പദ്ധതിയും, ട്രൈഫെഡിന്റെ പുതിയ വെബ്‌സൈറ്റും കേന്ദ്ര മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ഡ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു

“Manju”

 

ന്യൂഡൽഹി, ജൂൺ 28, 2020

ആദിവാസി വിഭാഗങ്ങളുടെ ജീവിതോപാധി വികസനത്തിനും മന്ദീഭവിച്ചിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരുജ്ജീവിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ കേന്ദ്ര ആദിവാസികാര്യ മന്ത്രാലയവും ട്രൈഫെഡും ആരംഭിച്ചിട്ടുണ്ട്. ആദിവാസി ജനത നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ട്രൈഫെഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സാധ്യമാക്കുന്ന സംരംഭത്തിന് കേന്ദ്ര ഗിരിവർഗ്ഗ കാര്യമന്ത്രി ശ്രീ അര്‍ജുന്‍ മുണ്ഡ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു.

ഗോത്ര വർഗക്കാർ ഉല്‍പാദിപ്പിക്കുന്ന വനവിഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍, കൈത്തറി, കരകൗശല വസ്തുക്കള്‍ എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കുന്നതിലൂടെ ‘ട്രൈഫെഡ് സേനാംഗങ്ങള്‍’ ഗോത്ര വാണിജ്യത്തെ പുതിയ ഉയരത്തിൽ എത്തിക്കുമെന്നും, അത് അവരുടെ ജീവിതത്തിലും ജീവനോപാധികളിലും കാതലായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് മാത്രം വില്‍പ്പന നടത്തുന്ന ആദിവാസി ഉല്‍പ്പന്നങ്ങളെ, ദേശീയ അന്തര്‍ദേശീയ വിപണികളിലെത്തിക്കുന്നതു ലക്ഷ്യമിട്ട് പുതിയൊരു നയം രൂപീകരിച്ചിട്ടുണ്ട്. ഗോത്ര വർഗ നിര്‍മാതാക്കളെ കണ്ടെത്തി പരസ്പരം ബന്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ഇ-പ്ലാറ്റ്‌ഫോം രൂപീകരിക്കും. ട്രൈഫെഡ് ഇന്ന് സംഘടിപ്പിച്ച വെബിനാറിന്റെ കാതൽ ഇതായിരുന്നു. പരിപാടിയിൽ 200 ഓളം പേര്‍ പങ്കെടുത്തു.

‘ട്രൈബ്‌സ് ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസിലൂടെ (GeM) ലഭ്യമാക്കുന്ന സംരംഭവും ട്രൈഫെഡിന്റെ പുതിയ വെബ്‌സൈറ്റും (https://trifed.tribal.gov.in) ശ്രീ അര്‍ജുന്‍ മുണ്ഡ ഉദ്ഘാടനം ചെയ്തു.

ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനായി ട്രൈഫെഡ് അംഗങ്ങള്‍ നടത്തുന്ന സുസ്ഥിര പരിശ്രമങ്ങളെ അഭിനന്ദിച്ച ട്രൈഫെഡ് ചെയര്‍മാന്‍ ശ്രീ രമേശ് ചന്ദ് മീണ, രണ്ട് ലക്ഷം കോടി രൂപയുടെ ഗോത്രവർഗ സാമ്പത്തിക മേഖല ഇതോടെ ഇരട്ടിയോ മൂന്നിരട്ടിയോ ആകുമെന്ന് അഭിപ്രായപ്പെട്ടു. നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ 50 ലക്ഷത്തില്‍പ്പരം ഗോത്ര വർഗക്കാർ മുഖ്യധാരാ വിപണിയുമായി ബന്ധിപ്പിക്കപ്പെടും. ഗവണ്‍മെന്റ് വകുപ്പുകള്‍, പൊതുമേഖലാ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഗവണ്‍മെന്റ്-ഇ-മാര്‍ക്കറ്റ്പ്ലേസ് (GeM) വഴി ട്രൈബ്‌സ് ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ കാണാനും ജിഎഫ്ആര്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ അവ വാങ്ങാനും കഴിയും.

Related Articles

Back to top button