LatestThiruvananthapuram

സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കി

“Manju”

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി. മീറ്ററിന് 9300 രൂപയാണ് ടെൻഡറിൽവന്ന ഏറ്റവും കുറഞ്ഞ തുക. ഇത് ഉപഭോക്താക്കൾക്ക്‌ ബാധ്യതയാകുമെന്നതിനാലാണ് റദ്ദാക്കിയത്.

സാധാരണക്കാരെ ബാധിക്കാത്തതരത്തിൽ ബദൽപദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന്റെ അംഗീകാരംനേടി മൂന്നുമാസത്തിനകം നടപ്പാക്കാനുള്ള നടപടികളെടുക്കാൻ കെ.എസ്.ഇ.ബി.യോട്‌ സർക്കാർ നിർദേശിച്ചു.
മേയിൽനടന്ന ടെൻഡറിൽ പൊളാരിസ് സ്മാർട്ട്മീറ്ററിങ് പ്രൈവറ്റ് ലിമിറ്റഡ്, ജെനസ് പവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജി.എം.ആർ. സ്മാർട്ട് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ പൊളാരിസാണ് ഏറ്റവും കുറഞ്ഞ തുകയായ 9300 രൂപ ക്വോട്ട് ചെയ്തത്.

ഇതിൽ 15 ശതമാനമാണ് കേന്ദ്രസഹായം. ശേഷിക്കുന്ന തുക ജനം മാസത്തവണകളായി നൽകണം. ഇത് കെ.എസ്.ഇ.ബി. പ്രതീക്ഷിച്ചതിലും 50 ശതമാനത്തിലും അധികമാണ്. ഈ തുകയ്ക്ക് മീറ്റർ ഏർപ്പെടുത്തിയാൽ 100 യൂണിറ്റിൽ താഴെമാത്രം വൈദ്യുതി ഉപയോഗിക്കുന്നവരുടെ ബില്ലിൽ മാസംതോറും 80 രൂപ അധികം വരും. 37 ലക്ഷം മീറ്ററുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്.

കേന്ദ്രം നിർദേശിച്ചതുപോലെ സ്വകാര്യ ഏജൻസിവഴി (ടോട്ടെക്സ് മാതൃക) സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് കേരളത്തിൽ ജീവനക്കാരുടെ സംഘടനകൾ എതിർത്തിരുന്നു. ഈ മാതൃക വേണ്ടെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചു. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിന് മൂന്നുമാസത്തെ സാവകാശം അനുവദിക്കാൻ കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങിന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി കത്തയച്ചിരുന്നു. ടോട്ടെക്സ് മാതൃകയിൽ നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതിപദ്ധതികൾക്ക് ധനസഹായം തടയും എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Related Articles

Back to top button