IndiaLatest

ടിക്‌ടോക് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ബിസിനസ് അവസാനപ്പിക്കുകയാണെന്ന് ടിക് ടോക് പ്രഖ്യാപിച്ചു. ടിക്‌ടോക്കിന്റെ ആഗോള ഇടക്കാല തലവന്‍ വനേസ പപ്പാസും ആഗോള ബിസിനസ് സൊല്യൂഷനുകളുടെ വൈസ് പ്രസിഡന്റുമായ ബ്ലെയ്ക്ക് ചാന്‍ഡ്‌ലയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ വലുപ്പം കുറയ്ക്കുകയാണെന്നും തീരുമാനം ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും ബാധിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച സംയുക്ത ഇമെയിലില്‍ ടിക് ടോക് മേധാവി അറിയിച്ചു.

കമ്പനിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ എക്‌സിക്യൂട്ടീവുകള്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചപ്പോള്‍ നിരോധനം നീക്കിയാല്‍ ഭാവി കാര്യങ്ങള്‍ ആലോചിക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഇന്ത്യയില്‍ ഞങ്ങള്‍ എപ്പോള്‍ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, എന്നാല്‍, ഞങ്ങളുടെ ഊര്‍ജ്ജസ്വലതയില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. മാത്രമല്ല ഭാവിയില്‍ ഇവിടെ പ്രവര്‍ക്കാനാവുമെന്ന് തന്നേയാണ് പ്രതീക്ഷ’. ഇമെയില്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് സ്വകാര്യതയും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്‌സെന്‍ഡര്‍, വൈറസ് ക്ലീനര്‍ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളാണ് നിരോധിച്ചത്.

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഇന്ത്യ ചൈന ബന്ധത്തെ ഏറെ കലുഷിതമാക്കിയതിനിടെയാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച്‌ ഐടി മന്ത്രാലയത്തിന്റെ നടപടി. ഈ ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവയെ ഈ ആപ്ലിക്കേഷനുകള്‍ ബാധിക്കുന്നതായാണ് ഐടി മന്ത്രാലയം പറയുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ ഇന്ത്യ മുന്‍നിരയിലാണെങ്കിലും 130 കോടി ജനങ്ങളുടെ സുരക്ഷയെ ഈ ആപ്ലിക്കേഷനുകള്‍ കണക്കിലെടുക്കുന്നില്ല. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ ഡേറ്റ ഇന്ത്യയ്ക്ക് പുറത്തുള്ള സര്‍വറുകളിലേയ്ക്ക് അനധികൃതമായി മാറ്റുന്നതായി പരാതികള്‍ ലഭിച്ചതായും കേന്ദ്ര ഐടി മന്ത്രായം വ്യക്തമാക്കി.

യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കിയ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍നിരയിലായിരുന്നു. 2 ബില്യണ്‍ ഉപയോക്താക്കളാണ് ടിക് ടോകിന് ആകെയുള്ളത്. 2019 ജൂണ്‍ 15ന് ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ ബോയ്‌കോട്ട് ചൈന പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.

Related Articles

Back to top button