KeralaLatest

കേരളത്തിൽ ചെഞ്ചെവിയൻ ആമകളുടെ എണ്ണം കൂടുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പരിസ്ഥിയെ പ്രതികൂലമായി ബാധിക്കുന്ന ചെഞ്ചെവിയൻ ആമകളുടെ വ്യാപനം കൂടുന്നു. രണ്ട് മാസത്തിനിടെ 49 എണ്ണത്തെയാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി കണ്ടെത്തിയത്. ആഫ്രിക്കൻ ഒച്ച് പോലെ പെരുകാൻ സാദ്ധ്യതയുള്ളതിനാൽ ഇവയുടെ വ്യാപനത്തിൽ അതീവ ശ്രദ്ധവേണമെന്ന് വനം ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മനുഷ്യ ശരീരത്തിന് ദോഷകരമായുള്ള ബാക്ടീരയകളുടെ വാഹകരാണ് റെഡ് ഇയർഡ് സ്ലൈഡർ ടർട്ടിലെന്ന ചെഞ്ചെവിയൻ ആമകൾ.

മെക്‌സിക്കോയാണ് ഈ ഇനത്തിൽപ്പെട്ട ആമകളുടെ ജന്മദേശം. പേരുപോലെ തന്നെ ചെവിയുടെ ഭാഗത്തെ ചുവന്ന നിറമാണ് പ്രത്യേകത. ജലാശയങ്ങളിലെ ചെറു ജീവികളേയും ഇവ നശിപ്പിക്കും. ഭാവിയിൽ പരിസ്ഥിതിയ്ക്ക് ഇവ വലിയ ഭീഷണിയാകുമെന്നാണ് വന ഗവേഷകരുടെ വിലയിരുത്തൽ. കാഴ്ച്ചയിൽ വലിപ്പം വളരെ കുറവാണെങ്കിലും വലിയ അപകടകാരിയാണ് ഇതെന്നും വിദഗ്ധർ പറയുന്നു. കോഴിക്കോടും തൃശൂരും പലയിടങ്ങളിൽ കഴിഞ്ഞ ദിവസം ചെഞ്ചെവിയന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

വലിപ്പം വളരെ കുറവാണെങ്കിലും ചെഞ്ചെവിയൻ ആമകൾക്ക് വളരാൻ അധികം സമയം വേണ്ട. 2 ഇഞ്ചിൽ നിന്ന് 12 ഇഞ്ചിലേക്ക് എത്താൻ മാസങ്ങൾ മതി. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വർഷങ്ങൾക്ക് മുൻപ് ഇവയെ പൂർണമായും നശിപ്പിച്ചിരുന്നു. പല രാജ്യങ്ങളിലും വിൽപ്പനയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ കണ്ടെത്തിയ ആമകളെ വന ഗവേഷണ കേന്ദ്രത്തിലെ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവെൻഷൻസിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.

കേരളത്തിൽ 2018ൽ രണ്ടിടങ്ങളിൽ ഈ ആമയെ കണ്ടെത്തിയിരുന്നു. എന്നാൽ അവയെ ജൈവ വൈവിധ്യത്തിന് ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റുകയായിരുന്നു. നോർത്ത് അമേരിക്കയിലെ മെക്‌സിക്കോയിലെ മിസിസിപ്പി വാലിയിലാണ് ഇവ ആദ്യം ഉണ്ടായിരുന്നത്. എന്നാൽ പരിസ്ഥിതിയ്ക്ക് ദോഷമാണെന്ന് കണ്ടെത്തിയതോടെ പൂർണമായും തുരത്തുകയായിരുന്നു. സസ്യങ്ങളേയും, ജലത്തിലെ ജീവികളേയും നശിപ്പിക്കുമെന്നതാണ് പല രാജ്യങ്ങളും ചെഞ്ചെവിയൻ ആമകളെ കൊന്നൊടുക്കാൻ കാരണം.

Related Articles

Back to top button