KeralaLatest

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്

“Manju”

അഖിൽ ജെ എൽ

ഇന്നത്തെ പരിശോധനാ ഫലം 4 പേര്‍ക്ക് പോസിറ്റീവും 4 പേര്‍ക്ക് നെഗറ്റീവുമാണ്. കണ്ണൂര്‍ 3, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍  രണ്ടുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ സമ്പര്‍ക്കത്തിലൂടെയുമാണ്. കണ്ണൂര്‍ 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,255 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 23,277 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 801 റിസള്‍ട്ട് നെഗറ്റീവായി വന്നിട്ടുണ്ട്. ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചതില്‍ 2682 എണ്ണം നെഗറ്റീവും 3 പോസിറ്റീവുമാണ്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനഃപരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. ആരുടെയൊക്കെയാണോ റിസള്‍ട്ട് പോസിറ്റീവ് ആയത് അവരെ കണ്ടെത്തി ആശുപത്രിയിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്- 175 കേസുകള്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇതുവരെ 89 രോഗികളെ ചികിത്സിച്ച് ഭേദമാക്കി. അവിടെയുണ്ടായിരുന്ന അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.  200ഓളം പേരടങ്ങുന്ന അവിടുത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തക സംഘത്തെ അഭിനന്ദിക്കുന്നു.

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി മുനിസിപ്പാലിറ്റിയും ഹോട്ട്സ്പോട്ടുകളായി. മലപ്പുറത്തെ കാലടി, പാലക്കാട്ടെ ആലത്തൂര്‍ പഞ്ചായത്തുകളും ഹോട്ട്സ്പോട്ടുകളായിട്ടുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങളാകെ ഒന്നുകൂടി പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നോടു കൂടി പുതിയ തീരുമാനത്തിലേക്ക് പോകേണ്ടിവരുമെന്നാണ് കരുതുന്നത്. എല്ലാ മേഖലകളും വിശദമായി വിലയിരുത്തി തയ്യാറെടുപ്പ് നടത്തണം.

പുതിയ നിരവധി പ്രതിസന്ധികള്‍ വരികയാണ്. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍. ഇവ മറികടക്കുക പെട്ടെന്ന് സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്. ഇതിന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. ഓരോ വകുപ്പിന്‍റെയും പദ്ധതികള്‍ പ്രത്യേകമായി തയ്യാറാക്കും. അവ സമാഹരിച്ച് സംസ്ഥാനത്തിന്‍റെയാകെ പദ്ധതിക്ക് രൂപം നല്‍കും. ഇതിനുപുറമെ ആസൂത്രണ ബോര്‍ഡ് മറ്റൊരു വിശദമായ പഠനം നടത്തും.

കൊറോണ വൈറസ് ബാധ തടയാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതി നാം വിജയകരമായി നടത്തുകയാണ്. എന്നാല്‍, മാസ്ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇപ്പോഴും അലംഭാവം കാണിക്കുന്നുണ്ട്. ഇനിയുള്ള നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെ മാസ്ക് ഉപയോഗം വരും. സ്കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ആളുകളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് സൂക്ഷ്മമായ ക്രമീകരണം വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ തന്നെ പരിശോധനകള്‍ നടത്തും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, എവിടെ ക്വാറന്‍റൈന്‍ ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തതയോടെ ആസൂത്രണം  ചെയ്യും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവര്‍ത്തനം നടത്തുക. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. ഏകോപന ചുമതല പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കായിരിക്കും.

ക്വാറന്‍റൈന്‍ കാര്യത്തില്‍ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. ഇന്നലെ വര്‍ക്കലയില്‍ ക്വാറന്‍റീനിലുള്ളയാള്‍ ആശുപത്രിയിലേക്കു പോയത് സഹായിക്കാന്‍ മറ്റാരുമില്ല എന്ന കാരണം പറഞ്ഞാണ്. ഹോം ക്വാറന്‍റീനില്‍ പോകുന്നവര്‍ക്ക് എല്ലാത്തരത്തിലുമുള്ള സഹായങ്ങള്‍ ഉറപ്പാക്കിയിട്ടും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണുന്നത്.

റെയിന്‍ ഗാര്‍ഡിങ് സാമഗ്രികള്‍ കിട്ടാത്തതുകൊണ്ട് റബര്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടു. റെയിന്‍ ഗാര്‍ഡിങ്ങിനാവശ്യമായ എല്ലാ സാമഗ്രികളും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളില്‍ രോഗികള്‍ കൂട്ടത്തോടെ വന്നുതുടങ്ങി. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒപികളില്‍ തിരക്കേറിയിട്ടുണ്ട്. ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നു കണ്ട് ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാന്‍ പ്രത്യേകം ഇടപെടണം. ഇത് ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും ഇതില്‍ അശ്രദ്ധ പാടില്ല.

രണ്ടുദിവസമായി കാണാന്‍ കഴിയുന്ന ഒരു പ്രധാന പ്രശ്നം റോഡിലെയും കമ്പോളങ്ങളിലെയും തിരക്കാണ്. തിരുവനന്തപുരത്ത് നല്ല തിരക്കും വാഹനത്തിരക്കും അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണസംവിധാനങ്ങളും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് തന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിലയുണ്ടാകണം.

ഇതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാനില്യസംസ്കരണം നടക്കുന്നുണ്ട്. കുമിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെയടക്കം ഉപയോഗിക്കാമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. തൊഴിലില്ലാത്ത ഒരു ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് അവര്‍ക്കും സഹായകമാകും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗൗരവബോധത്തോടെ ഇതില്‍ ഇടപെടണം.

ഇടുക്കി ജില്ലാ അതിര്‍ത്തികളില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ലോറികള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നു എന്ന പ്രശ്നം ശ്രദ്ധയില്‍ വന്നു. ആളുകളും ഒളിച്ചുവരുന്നു. തടയുന്നതിന് പൊലീസും വനം-റവന്യു വകുപ്പുകളും യോജിച്ച് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണം.

കടകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാന്‍ പാടില്ല. റെഡ്സോണിലും അല്ലാത്തിടത്തും ഏതൊക്കെ കടകള്‍ ഏതു സമയത്ത് തുറക്കണം എന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. അതിനുവിരുദ്ധമായ രീതികള്‍ ഇല്ല എന്നും ഉറപ്പുവരുത്തണം.

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ യോഗം ഇന്ന് ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വിമാനത്താവളം കേന്ദ്രീകരിച്ചും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാകും.

വിമാനത്താവളത്തില്‍ വിപുലമായ പരിശോധനയ്ക്ക് സംവിധാനം ഉണ്ടാകും. വൈദ്യപരിശോധനക്ക് അടക്കം സൗകര്യമുണ്ടാകും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. ഇതിന് വേണ്ടത്ര കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്തുന്നതിന് പൊലീസിന്‍റെ സഹായമുണ്ടാകും. ഇതിനു പുറമെ ഓരോ വിമാനത്താവളത്തിന്‍റെ പരിധിയില്‍ വരുന്ന ജില്ലകളുടെയും മേല്‍നോട്ടത്തിന് ഓരോ ഡിഐജിമാരെ നിയോഗിക്കും.

രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും വിമാനത്താവളത്തില്‍ നിന്ന് അവരെ വീടുകളിലേക്ക് അയക്കുന്നത്. നേരെ വീടുകളില്‍ എത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യ പരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഒരോ പഞ്ചായത്തിലും ഇതിനാവശ്യമായ  സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവ ഏര്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകള്‍ കൃത്യമായ ഇടവേളകളില്‍ ഇവരെ വീടുകളില്‍ സന്ദര്‍ശിക്കും.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സ്വന്തം ആരോഗ്യ നിലയെക്കുറിച്ച് അന്നന്ന് മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമം വഴിയോ ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. എന്തെങ്കിലും കാരണവശാല്‍ അത്  ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരം ശേഖരിക്കും. വീടുകളില്‍ ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് വാര്‍ഡ്തല സമിതികള്‍ക്ക് ചുമതല നല്‍കും.  തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും ഇതില്‍ പങ്കാളികളാകണം.

വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയാം.  രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍  തന്നെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവരുടെ  ലഗേജ് വിമാനത്താവളത്തില്‍ നിന്ന് എടുത്ത് വീടുകളില്‍ എത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും.

ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയര്‍പോര്‍ട്സ് അതോറിറ്റിയും പ്രതിനിധികളുള്ള കണ്‍ടോള്‍ റൂം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമീകണത്തിന്‍റെ ചുമതല അതത് കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും ആയിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രധാന ഉദ്യോഗസ്ഥനും ഇതിലുണ്ടാകും.

പ്രവാസികളെ താമസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം ആവശ്യമായ  സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അതുപോലെ ആശുപത്രികളും ഇപ്പോള്‍ തന്നെ സജ്ജമാണ്. സമുദ്രമാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അത് കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനിക്കേണ്ടതാണ്. കപ്പല്‍ വഴി പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുകയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സജ്ജീകരണം ഏര്‍പ്പെടുത്തും.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന 2.76 ലക്ഷത്തിലധികം പേര്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 150ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവര ശേഖരണം സംബന്ധിച്ച ചുമതല നോര്‍ക്കക്കാണ്.

സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയത്തിന് (വിടിഎം) രാജ്യത്താകെ ക്ഷാമമുണ്ട്. കേരളത്തില്‍ പബ്ലിക് ലബോറട്ടറി വിടിഎം സ്വന്തമായി നിര്‍മിക്കുന്നതുകൊണ്ട് ഇവിടെ ക്ഷാമമില്ല. എല്ലാ ജില്ലകളിലും പരിശോധന നടത്താനുള്ള 46,000 പിസിആര്‍ റീ ഏജന്‍റും 15,400 ആര്‍എന്‍എ എക്സ്ട്രാക്ഷനും നമുക്ക് സ്റ്റോക്കുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കൂടുതല്‍ കിറ്റുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്.

കോവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന ഗുണപരമായ പങ്കിനെക്കുറിച്ച് പലവട്ടം ഇവിടെ പറഞ്ഞതാണ്. അത് കൂടുതല്‍ മികച്ച രീതിയില്‍ തുടരണം എന്നാണ് ആഗ്രഹം. എന്നാല്‍, അതിനു വിരുദ്ധമായ ചിലത് ഉണ്ടാകുന്നു എന്നത് കാണാതിരിക്കാനാകില്ല. ഇന്നലെ കോട്ടയം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആളെ ആശുപത്രിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗര്‍ഭാഗ്യകരമാണ്.

ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് 4.45ന് റിസള്‍ട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചതു മുതല്‍ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇന്നലെ മാത്രം കോട്ടയം ജില്ലയില്‍ 162 പേരുടെ സാമ്പിളാണ് പരിശോധനക്ക് എടുത്തത്. ഓരോരുത്തരെയും ആംബുലന്‍സ് അയച്ച് വീട്ടില്‍നിന്ന് കൊണ്ടുവരികയും സാമ്പിള്‍ എടുത്ത് അതേ ആംബുലന്‍സില്‍ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരു യാത്ര കഴിഞ്ഞാല്‍ ആംബുലന്‍സ് അണുനശീകരണം നടത്തണം.

ഇന്നലെ ആറ് പോസിറ്റീവ് റിസള്‍ട്ടുകളാണ് ജില്ലയില്‍ വന്നത്. ആറുപേരെയും രാത്രി 8.30ഓടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എല്ലാവരും കോറന്‍റൈനില്‍ കഴിയുന്നവരായിരുന്നു. പ്രത്യേകിച്ച് ഒരു വീഴ്ചയും അതില്‍ വന്നതായി വിവരമില്ല. പിന്നെന്തിന് ആശുപത്രിയിലെത്തിക്കാന്‍ വൈകുന്നു എന്ന തരത്തില്‍ ചര്‍ച്ച കൊണ്ടുപോവുകയും രോഗബാധിതരെ വിളിച്ച് പൊതുപ്രസ്താവന നടത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നത് ബന്ധപ്പെട്ട മാധ്യമങ്ങള്‍ പരിശോധിക്കണം.

രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നു എന്ന് ചര്‍ച്ച നടത്തുന്ന അതേ സമയത്തുതന്നെ സ്വന്തമായി വൈറസ് ബാധിതരെ കണ്ടെത്തി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് നല്ല രീതിയാണോ? സര്‍ക്കാര്‍ ഇടപെടലില്‍ ചിലപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാകും. എല്ലാം പൂര്‍ണതയില്‍ നടന്നുകൊള്ളണമെന്നില്ല. വീഴ്ചകളുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നതിലും വിമര്‍ശിക്കുന്നതിലും ഒരു കുഴപ്പവുമില്ല. എന്നാല്‍, ഒരു സംവിധാനത്തെയാകെ സംശയത്തിന്‍റെ പുകപടലത്തിലാക്കുന്ന തെറ്റായ ഇടപെടല്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയം ജില്ലയില്‍ 18 പേര്‍ ചികിത്സയിലുണ്ട്. അതില്‍ ഒരാള്‍ ഇടുക്കി ജില്ലക്കാരനാണ്. 1040 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലാ അതിര്‍ത്തി അടച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ അതിര്‍ത്തിയിലെ പ്രധാന റോഡുകളിലും ഇടവഴിയിലും കര്‍ക്കശമായ പരിശോധന ഏര്‍പ്പെടുത്തി. 78 പിക്കറ്റ് പോസ്റ്റുണ്ട്. കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചു. ജില്ലയെ അഞ്ച് ഡിവിഷനായി വിഭജിച്ച് ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കി.

ഇടുക്കി ജില്ലയില്‍ 1462 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13 പേര്‍ ആശുപത്രിയിലാണ്. ജില്ലയില്‍ മുന്‍കരുതലുകളിലോ സുരക്ഷാ ക്രമീകരണങ്ങളിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. തോട്ടം മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button