KeralaLatest

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം:മുല്ലപ്പള്ളി

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജീവനക്കാരുടെ സമ്മതമില്ലാതെ നിര്‍ബന്ധിതമായി ശമ്പളം പിടിക്കാന്‍ പാടില്ലെന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സമ്പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും പരിപൂര്‍ണ്ണമായി സജീവമായി പ്രവര്‍ത്തികയും ചെയ്തു. എന്നാല്‍ പ്രതിപക്ഷ നേതാക്കളെയും സര്‍വീസ് സംഘടനാ ഭാരവാഹികളേയും അധിക്ഷേപിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. നിര്‍ബന്ധിതമായിജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തതും ശക്തമായ നിലപാട് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശമ്പളം പിടിച്ചെടുക്കുന്നതിനെതിരെ പരസ്യനിലപാട് സ്വീകരിച്ച അധ്യാപകരെ സംസ്‌കാരശൂന്യമായ വാക്കുകളിലൂടെ അപമാനിക്കാനാണ് പ്രാകൃത സമരമുറകളുടെ വക്താക്കളായ സി.പി.എമ്മുകാര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുയെന്നതിന്റെ പേരിലാണ് അധ്യാപികയെ സൈബര്‍ ഗുണ്ടകള്‍ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചത്. അതുപോലെ തലശ്ശേരി ഉപജില്ലാ കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ.ധനരാജന്‍ മാസ്റ്ററര്‍ക്കെതിരെ ഊരുവിലക്ക് പ്രഖ്യാപിക്കുകയും സ്‌കുളില്‍ കടത്തിവിടില്ലെന്ന് പറയുകയും ചെയ്തത് മുഖ്യമന്ത്രിയുടെ അയല്‍ ഗ്രാമമായ കതിരൂരിലാണ്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ പാര്‍ട്ടി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുയെന്ന് ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് പോത്തന്‍കോട് സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ പ്രധാനഅധ്യാപകനെ അപമാനിക്കാന്‍ ഒരു മന്ത്രി തന്നെ നേതൃത്വം നല്‍കി. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിന് പകരമായി അധ്യാപകരെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിക്കുകയാണ്. അധ്യാപകരെ അടക്കി ആക്ഷേപിക്കാനാണ് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി ശ്രമിച്ചത്.
ജീവിച്ചിരിക്കുന്ന അധ്യാപികയ്ക്ക് ശവമഞ്ചം ഒരുക്കുകയും റീത്ത് വയ്ക്കുകയും ചെയ്തവരാണ് അധ്യാപക സമൂഹത്തെ ഇപ്പോള്‍ സാമൂഹ്യപ്രതിബദ്ധത പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ അയല്‍ ഗ്രാമത്തിലാണ് പിഞ്ചുകുട്ടികളുടെ മുന്നിലിട്ടാണ് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത്. കൂത്തുപറമ്പ് വെടിവയ്പ് നടന്ന അന്നാണ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടന്ന് റിക്കാര്‍ഡുകള്‍ കത്തിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തലശ്ശേരിയില്‍ വച്ചുതന്നെയാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത അനുയായികള്‍ കല്ലെറിഞ്ഞതും അക്രമിച്ചതും.

സ്പീക്കറുടെ ചേമ്പറുള്‍പ്പടെ നിയമസഭ തല്ലിതകര്‍ത്തവരാണ് ഇന്നത്തെ സി.പി.എം മന്ത്രിമാരും ഇപ്പോഴത്തെ സ്പീക്കറും. മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Leave a Reply

Back to top button