KeralaLatest

അലൻ താഹ മനുഷ്യാവകാശ സമിതി, കേരളം

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

വിദ്യാർത്ഥികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെയുള്ള യുഎപിഎ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. 2019 നവമ്പർ ഒന്നിന് അറസ്റ്റിലായ രണ്ടു യുവാക്കളുടെയും കേസ് വിചാരണക്കായി കോടതിയുടെ മുമ്പിലെത്തുന്നത് ആറു മാസത്തിനു ശേഷമാണ്. ദീർഘമായ അന്വേഷണത്തിനു ശേഷവും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. രണ്ടുപേർക്കെതിരെയും യുഎപിഎ പ്രയോഗിക്കാനുള്ള കേരളാ പോലീസിന്റെ തീരുമാനം തെറ്റും നീതിരഹിതവുമായ നടപടിയായിരുന്നു എന്ന് കേസിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ വ്യക്തമായി വരികയാണ്. നഗ്നമായ അധികാര ദുർവിനിയോഗമാണ് കേസിന്റെ തുടക്കം മുതൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഇനിയെങ്കിലും അവർക്കു നീതി ലഭ്യമാക്കാനുള്ള നടപടികൾക്ക് കേരള സർക്കാർ മുൻകയ്യെടുക്കണം. എൻഐഎ കോടതിയിൽ നിന്ന് അവർക്കു ജാമ്യം ലഭിക്കുന്നതിന് കേരള സർക്കാരിന് വേണ്ടി അപേക്ഷ നല്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

വിചാരണ വേളയിൽ ജാമ്യം ലഭിക്കാതെ പോയാൽ വർഷങ്ങളോളം അവർ ജയിലിൽ കഴിയേണ്ടിവരും എന്ന് ഇത്തരം കേസുകളിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇന്നത്തെ മാരകമായ പകർച്ചവ്യാധിയുടെ പരിതസ്ഥിതിയിൽ ജയിലുകളിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജാമ്യം ലഭിക്കാതെ രണ്ടുവിദ്യാർഥികൾ ജയിലുകളിൽ ജീവിതം ഹോമിക്കേണ്ടി വരുന്നത് സകല മനുഷ്യാവകാശങ്ങളും അവർക്കു നിഷേധിക്കുന്നതിന് തുല്യമാകും. കേന്ദ്രസർക്കാറിനു മുഖ്യമന്ത്രി നേരത്തെ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത് ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ്. അതിനാൽ ഇനിയും വൈകാതെ അവർക്കു നീതി ഉറപ്പാക്കുന്നതിന് ജാമ്യത്തിനായി സർക്കാർ തന്നെ മുൻകയ്യെടുക്കണം.

Related Articles

Leave a Reply

Back to top button