KeralaLatest

ഒരുവസരം കൂടി നല്‍കികൊണ്ട് രാജുനാരായണസ്വാമിക്ക് സര്‍ക്കാരിന്റെ കത്ത്

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം: ഒരുവര്‍ഷമായി സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്ന രാജുനാരായണസ്വാമി ഐ.എ.എസ്. ജോലിയില്‍നിന്നു രാജിവെച്ചന്നു കണക്കാക്കാതിരിക്കാനും സര്‍വീസില്‍ തിരികെയെത്താന്‍ അവസാനഅവസരം പ്രയോജനപ്പെടുത്തണമെന്നും കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ കത്ത്. പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം.

അഖിലേന്ത്യാ സര്‍വീസ്‌നിയമത്തിലെ അവധിചട്ടം 7(2)(എ) അനുസരിച്ച് അനധികൃതമായി ഒരു വര്‍ഷത്തിലേറെ ജോലിക്കെത്തിയില്ലെങ്കില്‍ ആ ഉദ്യോഗസ്ഥന്‍ രാജിവെച്ചതായി കണക്കാക്കാം. ഒരു വര്‍ഷവും 10 ദിവസവും കഴിഞ്ഞിട്ടും രാജുനാരായണസ്വാമി തിരികെ ജോലിയില്‍ കയറിയിട്ടില്ല. ഈ കാലയളവില്‍ എവിടെയായിരുന്നുവെന്നത് വ്യക്തമാക്കണമെന്ന് കത്ത് ആവശ്യപ്പെടുന്നു. ഇതുവരെയുണ്ടായ വീഴ്ചകള്‍ക്കെല്ലാം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കത്തില്‍ നിശിതമായ വിമര്‍ശനങ്ങളുമുണ്ട്.

സര്‍വീസ് കാലയളവിലെ നിരവധി പ്രശ്‌നങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന നിര്‍ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 2019 മാര്‍ച്ച് 7ന് തിരിച്ചുപോകാന്‍ രാജുനാരായണസ്വാമിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാളിതുവരെയായിട്ടും ജോലിയില്‍ പ്രവേശിച്ചില്ല. പ്രവര്‍ത്തന വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ നിരവധി റിപ്പോര്‍ട്ടിങ് അധികാരികള്‍ പ്രതികൂലമായ പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്.

നിയമപോരാട്ടങ്ങളില്‍ സന്തോഷിക്കുകയും സ്വയം ക്രൂശിക്കപ്പെട്ടവനും ഇരയാണെന്നും വരുത്തിതീര്‍ക്കാനായി ശ്രമിക്കുകയും ചെയ്യുന്നൂവെന്ന് വ്യക്തമാകുന്നുവെന്നാണ് സര്‍വീസ് ബുക്ക് റെക്കോഡ് വ്യക്തമാക്കുന്നത് സര്‍ക്കാരുകള്‍ ജനങ്ങളെ സേവിക്കാന്‍ നല്‍കിയ അവസരങ്ങളെല്ലാം താങ്കള്‍ പാഴാക്കി. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഒരു നേട്ടവും താങ്കളുടെ സേവനങ്ങളില്‍നിന്ന് ഉണ്ടായിട്ടില്ല.

എങ്ങനെയാണ് താങ്കള്‍ ഇത്തരമൊരു തലത്തിലേക്ക് വന്നതെന്ന് ആത്മപരിശോധനയും അവലോകനവും നടത്തേണ്ട സമയമാണെന്ന് കത്തില്‍ ഓര്‍മിപ്പിക്കുന്നു. നിരന്തരമായി വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരേയും ഒരു പൊതുതാല്‍പര്യവും സംരക്ഷിക്കാത്തവരെയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതി രാജുനാരായണസ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍ ശിപാര്‍ശ ചെയ്ത കാര്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചെന്നും നിര്‍ബന്ധിത വിരമിക്കലിന് സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും കത്തില്‍ പറയുന്നു.

Related Articles

Leave a Reply

Back to top button