KeralaLatest

വീട്ടിലേക്ക് വീൽ ചെയർ കയറ്റുവാനുള്ള വഴി വേണം സാർ.. അതിനെന്താ.. നമുക്ക് ശരിയാക്കാമെന്നു അടൂർ പ്രകാശ് എം പി ‘

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്:പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് വീൽ ചെയർ കൊണ്ടു പോകാനുള്ള വഴിവേണം സാർ..ഫേസ് ബുക്ക്‌ പോസ്റ്റ്‌ കണ്ടു കിളിമാനൂരിൽ രഞ്ജിനിയെ കാണാൻ വീട്ടിലെത്തിയ അടൂർ പ്രകാശ് എം.പി യോട് 20 വർഷമായി വീൽ ചെയറിൽ കഴിയുന്ന രഞ്ജിനിയുടെ സ്നേഹത്തോടെയുള്ള ആവശ്യമായിരുന്നു ഇത്. അതിനെന്താ മോളെ നമുക്ക് അത് ശരിയാക്കാം എന്ന് അടൂർ പ്രകാശ് എം പി. കിളിമാനൂർ സ്വദേശിനിയായ രഞ്ജിനി പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനൽ മസ്കുലര്‍ അട്രോഫി എന്ന രോഗത്തെ തുടർന്ന് കഴിഞ്ഞ 20 വർഷമായി വീട്ടിൽ വീൽചെയറിൽ കഴിയുകയാണ്.ഈ ലോക് ഡൗണിലും ശാരീരിക വൈകല്യങ്ങളെ സധൈര്യം പൊരുതി തോൽപ്പിച്ചുകൊണ്ട് മാഗസിൻ പേപ്പർ കൊണ്ടും ക്രാഫ്റ്റ് പേപ്പർ കൊണ്ടും മനോഹരമായ പേപ്പർ പേനകൾ നിർമ്മിച്ച് ഉപജീവനം നടത്തുന്ന രഞ്ജിനിയെ കുറിച്ച് രഞ്ചിനി  ഫേസ്ബുക്കിൽ കുറിച്ച വരികൾ കണ്ടുമാണ്  രഞ്ജിനിയെ കാണാൻ അടൂർ പ്രകാശ് എം.പി എത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ രഞ്ജിനിയുടെ കിളിമാനൂർ പാപ്പാലയിലുള്ള വീട്ടിൽ എം.പി. എത്തിയപ്പോൾ രഞ്ജിനി പേനകൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു. സഹായികളായി പ്രായമായ മാതാപിതാക്കളെയും കണ്ടു. കുറച്ചു നേരം രഞ്ജിനിയോടൊപ്പം ചിലവഴിച്ചപ്പോൾ രഞ്ജിനി പേന മാത്രമല്ല മറ്റു കരകൗശല വസ്തുക്കളും നിർമിച്ച് വിൽപ്പന നടത്തി തന്റെ വിധിയെത്തന്നെ മാറ്റിയെഴുതുകയാണന്നു മനസ്സിലായി.

കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലും ചിത്രരചനയിലും മികവു തെളിയിച്ച രഞ്ജിനി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുന്നത്. മറ്റൊരു സവിശേഷത കൂടി ഈ പേപ്പർ പേനകൾക്കുണ്ട്. പേനക്കുള്ളിൽ പച്ചക്കറികൾ, ഫലവർഗ സസ്യങ്ങൾ തുടങ്ങിയവയുടെ വിത്തുകൾ ഈ പേനകൾക്കുള്ളിൽ സൂക്ഷിക്കും. ഉപയോഗശേഷം ഉപേക്ഷിച്ചാൽ ഈ പേനയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിത്ത് പ്രകൃതിക്ക് അനുഗ്രഹമായി വളരും!

ചിത്രരചനയിലും രഞ്ജിനി തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ആത്മവിശ്വാസം നൽകി കൂട്ടിരിക്കുന്നതും അഛനും അമ്മയും തന്നെ. രഞ്ജിനിയുണ്ടാക്കുന്ന പേനയും പൂക്കളുമൊക്കെ കുടുംബശ്രീയിൽ കൊണ്ടുപോയി വിൽക്കാറുള്ളത് അമ്മയാണ്.

വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ വീൽചെയറിലൂടെ യാത്ര ചെയ്യാനാവില്ല എന്ന കാരണത്താൽ രഞ്ജിനി വീടിന് വെളിയിൽ ഇറങ്ങാറില്ല. ചികിൽസക്കും മറ്റും ആശുപത്രിയിൽ പോകുന്നത് വളരെ ബുദ്ധിമുട്ടുമാണ്. ഇതു മനസ്സിലാക്കിയ സുഹൃത്തുക്കളും ഭിന്നശേഷിക്കാരുടെ സംഘടനയും ചേർന്ന് കാരേറ്റ് ചെറുക്കാരം എന്ന സ്ഥലത്ത് വഴി സൗകര്യമുള്ള സ്ഥലത്ത് ഒരു വീട് വെക്കാനായി സ്ഥലം വാങ്ങുകയും രഞ്ജിനിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ജീവ കാരുണ്യ  പ്രവർത്തകനായ നജീബ് കുറ്റിപ്പുറത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകാമെന്ന് സമ്മതിക്കുകയും ചെയ്‌തു. അതിന്റെ പണികൾ പുരോഗമിക്കുകയുമാണ്. താൻ നിർമ്മിച്ച പേനകൾ നൽകി എം.പി.യെ യാത്രയാക്കുമ്പോൾ രഞ്ചിനിക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ

തനിക്ക് വേണ്ടി പുതിയതായി നിർമ്മിക്കുന്ന വീട്ടിലേക്ക് വീൽചെയർ കയറ്റുവാനായി വീടിനു മുന്നിൽ കൂടി പോകുന്ന വഴി ഗതാഗത യോഗ്യം ആക്കണമെന്ന ആവശ്യം.

ഈ ആവശ്യത്തിന് പ്രഥമ പരിഗണന നൽകാമെന്ന് ഉറപ്പു നൽകിയാണ് അടൂർ പ്രകാശ് എം .പി അവിടെനിന്നും തിരിച്ചത്.

Related Articles

Leave a Reply

Back to top button