IndiaKeralaLatest

ഭർത്താവിനെ ഭാര്യ കഴുത്തുഞെരിച്ച്‌ കൊന്നു

“Manju”

ആനക്കര: മലമൽക്കാവിൽ ഗൃഹനാഥനെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്‌റ്റിൽ. ആനക്കര മൽമൽക്കാവ്‌ പുളിക്കൽ സിദ്ധീഖ്‌ (58) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ ഫാത്തിമ(45)യാണ്‌ അറസ്‌റ്റിലായത്‌. തിങ്കളാഴ്‌ച രാവിലെ സിദ്ധീഖ്‌ മരിച്ചതായി വീട്ടുകാർ നാട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന്‌ ഖബറടക്കത്തിന്‌ ഒരുക്കം നടത്തുന്നതിനിടെ സിദ്ധീഖിന്റെ ശരീരത്തിൽ മുറിപ്പാട്‌ കണ്ട നാട്ടുകാർ പോലീസിൽ അറിയിച്ചു.
ഖബറടക്കം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ട പോലീസ്‌ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. പ്രഥമ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ തുണിപോലുള്ള വസ്‌തു ഉപയോഗിച്ച്‌ മുറുക്കിയതാണ്‌ മരണ കാരണമെന്ന്‌ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിച്ചു.
ചൊവ്വാഴ്‌ച രാവിലെ 11 ന്‌ ഫോറൻസിക്ക്‌ ഉദ്യോഗസ്‌ഥെരത്തി തെളിവെടുപ്പ്‌ നടത്തി. ഉച്ചയോടെ ഡിവൈ.എസ്‌.പി: പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിയെ പി.പി.ഇ. കിറ്റ്‌ ധരിപ്പിച്ച്‌ മലമൽക്കാവിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.
മാനസിക രോഗമുള്ള ഭർത്താവിനെ ഞായറാഴ്‌ച രാത്രി പലവട്ടം വീടിന്റെ മുൻവശത്ത്‌ കിടത്താൻ നോക്കി. എന്നാൽ ഇയാൾ ഉമ്മറത്ത്‌ കയറിനിന്നെന്നും പിന്നീട്‌ അവിടെനിന്ന്‌ താഴേക്ക്‌ തളളിയിട്ടശേഷം കൈക്കൊണ്ട്‌ മുഖം പൊത്തി പുതപ്പുപയോഗിച്ച്‌ കഴുത്തിൽ ഞെരിച്ചാണ്‌ കൊലപ്പെടുത്തിയതെന്നും ഫാത്തിമ മൊഴിനൽകി.
കൃത്യത്തിനുശേഷം മുൻവാതിലടച്ച്‌ കിടന്നുറങ്ങി. രാവിലെ ആറിന്‌ ഉമ്മറത്തു കിടക്കുന്ന ഉപ്പയ്‌ക്ക്‌ അനക്കമില്ലെന്ന്‌ മകളെ അറിയിച്ചു. മകളും ഭർത്താവും കുട്ടികളുമാണ്‌ സംഭവസമയത്ത്‌ വീട്ടിലുണ്ടായിരുന്നത്‌. ഇവർ കൊലപാതകം അറിഞ്ഞിരുന്നില്ല. സാധാരണ മരണമാണെന്ന്‌ ധരിച്ച്‌ ബന്ധുക്കളുടെ നേതൃത്വത്തിൽ ഖബറടക്കത്തിനുളള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ്‌ നാട്ടുകാരുടെ ഇടപെടൽ കേസിന്‌ വഴിത്തിരിവായത്‌. പ്രതിയെ പട്ടാമ്ബി കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. സിദ്ധീഖിന്റെ മൃതദേഹം കൂടല്ലൂർ ജുമാമസ്‌ജിദ്‌ ഖബറിസ്‌ഥാനിൽ ഖബറടക്കി. മക്കൾ: ഫസീല, പരേതനായ അബൂതാഹിർ. മരുമകൻ: അബ്‌ദുൾ സലാം. മരിച്ച സിദ്ധീഖിന്റെ സഹോദരങ്ങൾ: സെയ്‌തവി, കദീജ, ആയിഷ, ഇയ്യാത്തുകുട്ടി, പാത്തുമ്മു

Related Articles

Back to top button