IndiaLatest

കൊറോണയും, രാഷ്ട്രീയ പ്രതിസന്ധിയും;ആഘാത കേന്ദ്രമായി ബ്രസീല്‍

“Manju”

സിന്ധുമോള്‍ ആര്‍

റിയോ: കൊറോണവൈറസ് മഹാമാരി ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അതിവേഗത്തിലാണ് ബ്രസീലിലെ മരണനിരക്കും രോഗികളുടെ എണ്ണവും വര്‍ധിച്ചത്. ആകെ മരണം 6750 ആയി. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്തു. മഹാമാരിയുടെ വ്യാപനം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊണാരോയുടെ മറുപടി ‘അതിനെന്താണ്’ എന്നായിരുന്നു.

ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഒരു മനുഷ്യനെ പോലെ കൊറോണവൈറസിനെ നേരിടണമെന്നടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ ബ്രസീലിയന്‍ പ്രസിഡന്റ് നേരത്തെയും നടത്തിയിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യത്തെ രോഗം വഷളാക്കുന്നുവെന്ന് ബ്രസീലിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ഫലപ്രദമായ പരിശോധനകളുടെ അഭാവംമൂലം കേസുകളുടെ എണ്ണം യഥാര്‍ത്ഥ കണക്കിനേക്കാള്‍ അഞ്ച് മടങ്ങ് കുറവാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജ്യംകൂടിയാണ് ബ്രസീല്‍.

തീവ്രവലതുപക്ഷക്കാരനും മുന്‍ സൈനിക ക്യാപ്റ്റനുമായ ബൊല്‍സൊണാരോ ഏപ്രില്‍ 16-ന് ആരോഗ്യ മന്ത്രി ഹെന്റിഖിനെ പുറത്താക്കിയിരുന്നു. സാമൂഹിക അകലംപാലിക്കുന്നതിന്റെ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിന് കാരണം. ഒരാഴ്ചക്ക് പിന്നാലെ നിയമനീതി വകുപ്പ്‌ മന്ത്രി രാജിവെച്ചു.

കഴിഞ്ഞ ദിവസം ബ്രസീലില്‍ കോവിഡ് പശ്ചാത്തലത്തില്‍ ജയിലില്‍ സന്ദര്‍ശനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് തടവുകാര്‍ കാവല്‍ക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കി. വെനസ്വേലയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 40 ഓളം പേര്‍ മരിച്ചു.

ഇതിനിടെ ലോകത്താകമാനമായി കോവിഡ് രോഗികളുടെ എണ്ണം 3,483,186 ആയി. മരണസംഖ്യ 244,760 ഉം ആണ്. യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1691 പേര്‍ മരിച്ചതടക്കം ആകെ മരണം 67,444 ആയി.

ഇറ്റലിയില്‍ 474 ഉം യുകെയില്‍ 621 ഉം മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സ്‌പെയിനില്‍ ഞായറാഴ്ചയും മരണനിരക്കില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തി. 276 മരണമാണ് സ്‌പെയിനില്‍ 24 മണിക്കൂറിനിടെ സംഭവിച്ചത്.

ഫ്രാന്‍സിലും ഞായറഴ്ച മരണനിരക്ക് കുറവാണ്. 166 മരണമാണ് അവിടെ പുതാതായി റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Leave a Reply

Back to top button