KeralaLatest

പോലീസ് നേതൃത്വം നല്‍കിയ സൗജന്യ ഭക്ഷണവിതരണത്തിന് സമാപനം;

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

സമ്പൂര്‍ണ ലോക്ഡൗണ്‍ മൂലം തെരുവുകളില്‍ വിശന്നലഞ്ഞവര്‍ക്ക് അന്നമൂട്ടാനായി കേരള പോലീസിന്‍റെ നേതൃത്വത്തില്‍ നടന്നുവന്ന ഒരുവയറൂട്ടാം സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ സമാപനം തിരുവനന്തപുരത്ത് നടന്നു. കഴിഞ്ഞ 40 ദിവസംകൊണ്ട് സംസ്ഥാനമൊട്ടാകെ 4,45,611 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ സാധാരണക്കാരുടെ വിശപ്പകറ്റാന്‍ വേണ്ടി പോലീസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 27,444 പേര്‍ക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. കോവിഡ് 19 ന്‍റെ സാമൂഹ്യവ്യാപനം തടയാന്‍ അതീവ ജാഗ്രതയോടെ രാപകല്‍ ഡ്യൂട്ടിനോക്കുന്നതോടൊപ്പമാണ് പോലീസിന്‍റെ ഈ പ്രവര്‍ത്തനങ്ങളും നടന്നത്.
ലോക്ഡൗണ്‍ തുടങ്ങിയ ദിവസം തിരുവനന്തപുരം നഗരത്തില്‍ 125 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. നഗരത്തിലെ യാചകരെ പാര്‍പ്പിച്ചിരുന്ന പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പൊതികള്‍ എത്തിച്ചിരുന്നത്. എന്നാല്‍ 125 പൊതി തികയാതെ വന്നതിനെത്തുടര്‍ന്ന് എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന്‍റെ ആശയത്തില്‍ വിരിഞ്ഞ ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് 25 കേന്ദ്രങ്ങളിലൂടെയാണ് ഭക്ഷണപ്പൊതിയോ കിറ്റോ ലഭ്യമാക്കിയിരുന്നത്.

പുത്തരിക്കണ്ടം മൈതാനത്ത് പാര്‍പ്പിച്ചിരുന്നവരെ ഏതാനും സ്കൂളുകളിലേക്കു മാറ്റിയതോടെ അവര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കിട്ടിത്തുടങ്ങി. അതോടെ പോലീസ് ഭക്ഷണം നല്‍കുന്നത് വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ അഭ്യര്‍ഥനപ്രകാരം ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ഉച്ചയ്ക്കും രാത്രിയും 375 വീതം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തിരുന്നത്. കൂടാതെ തിരുവനന്തപുരം നഗരത്തിലെ ഏകദേശം 125 കിടപ്പുരോഗികള്‍ക്കും ഫൈന്‍ ആര്‍ട്സ് കോളേജില്‍ കുടുങ്ങിപ്പോയ 11 വിദ്യാര്‍ഥികള്‍ക്കും മുടങ്ങാതെ മൂന്നു നേരവും ഭക്ഷണമെത്തിച്ചിരുന്നു. കോവിഡ്-19 മായി ബന്ധപ്പെട്ട് കാസര്‍ഗോട്ടേക്ക് ബസ്സില്‍ തിരിച്ച തിരുവനന്തപുരത്തു നിന്നുള്ള മെഡിക്കല്‍ സംഘത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണം നല്‍കിയത് പോലീസിന്‍റെ ഈ പദ്ധതി പ്രകാരമായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്പെഷ്യല്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആഹാരം നല്‍കിയതും പോലീസ് തന്നെ. 400 ഓളം ഭക്ഷണപ്പൊതികളുമായി നഗരം ചുറ്റുന്ന ഭക്ഷണവണ്ടി എന്ന വാഹനവും ഈ പദ്ധതിയുടെ ഭാഗമാണ്. വഴിയില്‍ കാണുന്ന വിശന്നിരിക്കുന്ന എല്ലാവര്‍ക്കും ദിവസവും ഈ വാഹനത്തില്‍ നിന്ന് ഭക്ഷണം നല്‍കിയിരുന്നു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങള്‍ കൂടാതെ വണ്ടിപ്പെരിയാര്‍, പുത്തൂര്‍മഠം, കുറ്റിപ്പുറം, അട്ടപ്പാടി, തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലും ഭക്ഷണപ്പൊതിയോ ഭക്ഷണക്കിറ്റോ നല്‍കിവന്നിരുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂഷന്‍, അജുവ കാറ്ററേഴ്സ് മുതലായ സ്ഥാപനങ്ങളും പദ്ധതിയുടെ നടത്തിപ്പിന് പോലീസിനെ സഹായിച്ചു. ഐ ജി പി വിജയന്‍, ഡി.ജി.പി യുടെ പത്നി മധുമിത ബഹ്റ എന്നിവരും നഗരത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സ്റ്റുഡന്‍റ് പോലീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കാനായി ജഗതി അനന്തപുരി ഓഡിറ്റോറിയത്തിലെ അടുക്കളയില്‍ ഉണ്ടായിരുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് അസിസ്റ്റന്‍റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍ അജിത് കുമാര്‍, പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണ, നന്‍മ ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ വി.എം.രാകേഷ്, ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാദര്‍ ജോണി, അജുവ കാറ്ററിങ് ഉടമ മുജീബ് എന്നിവരും ദിവസവും പങ്കാളികളായി. എല്ലാ ദിവസവും പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ്, കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം ട്രസ്റ്റ്, പ്രമുഖ അരി വിപണനക്കാരായ നിറപറ എന്നിവരും ഏതാനും വ്യക്തികളുമാണ് കലവറയിലേയ്ക്ക് സാധനങ്ങളെത്തിച്ചത്.

അനന്തപുരി ഓഡറ്റോറിയത്തില്‍ നടന്ന പദ്ധതിയുടെ സമാപന ചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ പങ്കെടുത്തു. സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഇതുവരെയും ഭക്ഷണം കിട്ടാതെ വലഞ്ഞ സാധാരണക്കാരെ കണ്ടെത്തി മുടങ്ങാതെ മൂന്ന് നേരവും ഭക്ഷണമെത്തിച്ചു നല്‍കി സഹായിക്കാന്‍ സന്‍മനസ് കാണിച്ച പോലീസ് സേനയെ ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ആദരിച്ചു. ഭക്ഷണ വിതരണത്തില്‍ സ്വമനസാലെ പങ്കാളികളായ പോലീസുദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഐ.ജി പി. വിജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഫോട്ടോക്യാപ്ഷന്‍

1. തിരുവനന്തപുരത്ത് നടന്ന ഒരു വയറൂട്ടാം പദ്ധതിയുടെ സമാപനചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ സംസാരിക്കുന്നു. ഐ.ജി.പി.വിജയന്‍, മധുമിത ബെഹ്റ എന്നിവര്‍ സമീപം.
2. ഒരു വയറൂട്ടാം പദ്ധതി പ്രവര്‍ത്തകര്‍ക്ക് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഐ.ജി.പി.വിജയന് സമ്മാനിക്കുന്നു.
3. തിരുവനന്തപുരത്ത് തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കുമായി പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ഭക്ഷണപ്പൊതികള്‍ അനന്തപുരി ആഡിറ്റോറിയത്തില്‍ തയ്യാറാക്കുന്നു.

Related Articles

Leave a Reply

Back to top button