KeralaLatest

അണുവിമുക്തമാക്കി ആയിരം വാഹനങ്ങൾ

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കൊറോണ സംബന്ധമായ ചികിത്സയ്ക്കായി രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നതും മടങ്ങിപ്പോകുന്നതുമടക്കം ആയിരം വാഹനങ്ങൾ ശുചീകരിച്ച് മെഡിക്കൽ കോളേജ് ജീവനക്കാർ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു.
മെഡിക്കൽ കോളേജ് സെക്യൂരിറ്റി വിഭാഗം, ഹൗസ് കീപ്പിംഗ് വിഭാഗം എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊറോണ സ്ഥിരീകരിച്ചവരെയും രോഗം സംശയിക്കുന്നവരെയും ആശുപത്രിയിലെത്തിച്ച ആംബുലൻസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ശുചീകരിച്ചവയിൽ ഉൾപ്പെടും. കൊറോണ വ്യാപന ഭീഷണി ഉയർന്ന ഫെബ്രുവരി ആദ്യവാരം മുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ 1000-ൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ നിപ വ്യാപന സമയത്ത് നടത്തിയ വാഹന ശുചീകരണം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊറോണക്കാലത്തും ഈ പ്രവർത്തനം തുടരാൻ അധികൃതരെ പ്രേരിപ്പിച്ചത്. ആംബുലൻസ്, കെ എസ് ആർ ടി സി ബസ്, കോളേജ് ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ശുചീകരിച്ചത്. വെള്ളമൊഴിച്ച് കഴുകിയതിനു ശേഷം ലൈസോൾ പോലുള്ള അണുനാശിനി വാഹനം മുഴുവൻ സ്പ്രേ ചെയ്ത് 20 മിനിട്ട് കഴിഞ്ഞ് വീണ്ടും കഴുകിക്കളയുകയാണ് രീതി. ഒരു വാഹനത്തിന് അണുവിമുക്തമാക്കാൻ ഏറ്റവും കുറഞ്ഞത് അര മണിക്കൂർ വേണ്ടി വരും. നൂറു വാഹനങ്ങൾ വരെ അണുവിമുക്തമാക്കിയ ദിവസമുണ്ട്. ആശുപത്രിയിലെത്തുന്ന മറ്റു രോഗികൾക്ക് ഈ അണുവിമുക്തമാക്കൽ പ്രക്രീയ മൂലം രോഗവ്യാപന ഭീതി ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരാൾക്കു പോലും സമ്പർക്കം വഴിയോ മറ്റേതെങ്കിലും സാഹചര്യത്തിലോ രോഗം പകർന്നിരുന്നില്ല. അതിന് ഈ അണുവിമുക്തമാക്കൽ പ്രകൃയ വലിയ ഒരളവോളം സഹായിച്ചിട്ടുമുണ്ട്. വാഹനങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നേരിട്ടു കാണാനും ജീവനക്കാരെ അഭിനന്ദിക്കാനുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർ എം ഒ , സെക്യൂരിറ്റി ഓഫീസർ എന്നിവർ ശുചീകരണ പ്രവർത്തനം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.
ചിത്രം: വാഹനങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനം നേരിട്ടു കാണാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സംഘവും സ്ഥലത്തെത്തിയപ്പോൾ

Related Articles

Back to top button